1.6 മില്യൺ ഡോളറിന്റെ അനർഹ നേട്ടം ആരോപിച്ച് സർക്കാർ നടപടി
കാനഡയിലെ ഐടി സബ് കോൺട്രാക്ടറും ഏഴ് കമ്പനികളും സംശയാസ്പദമായ ബില്ലിംഗ് രീതികളിലൂടെ അനർഹമായ നേട്ടം കൊയ്തതായി ആരോപിച്ച് കാനഡ സർക്കാർ നിയമനടപടികൾ ആരംഭിച്ചു.ഒരു ദിവസം 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തതായി കാണിച്ച് ഓവർലാപ്പിംഗ് ടൈംഷീറ്റുകൾ സമർപ്പിച്ചതായും, രേഖകളില്ലാതെ “സ്റ്റാൻഡ്‌ബൈ സമയത്തിന്” ബിൽ ചെയ്തതായും കരാറുകാരനെതിരെ ആരോപണമുണ്ട്.
വിവാദമായ അറൈവ്കാൻ ആപ്പിന്റെ പ്രധാന കരാറുകാരായ ജിസി സ്ട്രാറ്റജീസിൽ നിന്ന് 198,000 ഡോളർ തിരികെ ലഭിക്കുന്നതിനായും കേസ് ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഓഡിറ്റർ ജനറലിന്റെ അറൈവ്കാൻ റിപ്പോർട്ടിനെ തുടർന്ന് സർക്കാർ പ്രൊക്യൂർമെന്റ് നടപടികളിലെ സൂക്ഷ്മ പരിശോധന വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ നിയമനടപടി.
ആർസിഎംപി ജിസി സ്ട്രാറ്റജീസിനെതിരെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കമ്പനി എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു. സർക്കാർ കരാറുകളിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്






