ജനങ്ങൾ ഭീതിയിൽ : ഈ മേഖലയിൽ ഇത് മൂന്നാമത്തെ ഭൂകമ്പം
ബ്രിട്ടീഷ് കൊളംബിയയിൽ രാവിലെ അനുഭവപ്പെട്ട ഭൂചലനം ജനങ്ങളെ ഞെട്ടിച്ചു. വാൻകൂവർ ദ്വീപിനും വാഷിംഗ്ടൺ സ്റ്റേറ്റിനും ഇടയിലായി ഇന്ന് പുലർച്ചെ 5:02-ന് 4.1 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തി. സിഡ്നിക്ക് 42 കിലോമീറ്റർ കിഴക്കായി, യു.എസ് സാൻ ജുവാൻ ദ്വീപുകൾക്ക് സമീപം, 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ആദ്യം 4.6 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂകമ്പം പിന്നീട് 4.1 ആയി പുനർനിർണയിച്ചു. വിക്ടോറിയ, വാൻകൂവർ എന്നിവിടങ്ങളിലും ചിലിവാക്ക്, വിസ്ലർ, കോർട്നേ എന്നീ ദൂരസ്ഥ പ്രദേശങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു.
നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയും ഇല്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ഈ മേഖലയിൽ ഇത് മൂന്നാമത്തെ ഭൂകമ്പമാണ്. ഫെബ്രുവരി 21-ന് സെചെൽറ്റിന് സമീപം 4.7 തീവ്രതയിലും, ഫെബ്രുവരി 13-ന് വിക്ടോറിയക്ക് സമീപം 3.8 തീവ്രതയിലും ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു.
ശാസ്ത്രജ്ഞർ ഈ മേഖലയിലെ ഭൂചലന സാധ്യതകൾ നിരീക്ഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.






