പൊതുജന സുരക്ഷയ്ക്ക് ഭീഷണി
ടൊറന്റോയിൽ തുടർച്ചയായ മഞ്ഞുവീഴ്ചയ്ക്ക് ശേഷം നഗരത്തിലെ റോഡുകളും നടപ്പാതകളും മഞ്ഞിൽ മൂടപ്പെട്ട അവസ്ഥ “അംഗീകരിക്കാനാവാത്തത്” എന്ന് വിശേഷിപ്പിച്ച് മേയർ ഒലീവിയ ചൗ അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു. നടപ്പാതകൾ പൂർണമായും മഞ്ഞ് നീക്കം ചെയ്തതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിലും, യഥാർത്ഥത്തിൽ പല പ്രദേശങ്ങളും ഇപ്പോഴും മഞ്ഞിൽ മൂടപ്പെട്ട അവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മേയറുടെ നടപടി. നഗരത്തിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള നയങ്ങൾ, വിഭവങ്ങൾ, കരാറുകൾ എന്നിവ പുനഃപരിശോധിക്കാൻ സിറ്റി മാനേജർക്കും ഓഡിറ്റർ ജനറലിനും മേയർ നിർദ്ദേശം നൽകി. നിലവിലുള്ള കരാറുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. 2021-ൽ അംഗീകരിച്ച നിലവിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള കരാറുകൾ ഉപകരണങ്ങളുടെയും ജീവനക്കാരുടെയും കുറവ് മൂലം വിമർശനങ്ങൾ നേരിടുന്നുണ്ട്. ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനും (TTC) കടുത്ത കാലാവസ്ഥയോടുള്ള പ്രതികരണം പുനഃപരിശോധിക്കുന്നുണ്ട്. ഇതുവരെ 100,000 ടണ്ണിലധികം മഞ്ഞ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും, പ്രധാന ഗതാഗത മാർഗങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നു.






