കാനഡയിലെ കുടുംബങ്ങൾക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര സർക്കാർ. 2025 ജൂലൈ മുതൽ കാനഡ ചൈൽഡ് ബെനിഫിറ്റ് (സിസിബി) 2.7 ശതമാനം വർധിപ്പിക്കുമെന്ന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ചു.പുതിയ നിരക്ക് അനുസരിച്ച്, ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിമാസം 666.42 ഡോളറും, 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 562.33 ഡോളറും ലഭിക്കും.
വാർഷിക വരുമാനം 37,487 ഡോളറിൽ താഴെയുള്ള കുടുംബങ്ങൾക്ക് പൂർണ ആനുകൂല്യം ലഭിക്കുമെന്നും, വരുമാനം ഇതിലധികമാകുന്നതിനനുസരിച്ച് ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി കുറയുമെന്നും അധികൃതർ അറിയിച്ചു.
ഇതോടൊപ്പം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ആനുകൂല്യമായ ചൈൽഡ് ഡിസബിലിറ്റി ബെനിഫിറ്റ് (സിഡിബി) വാർഷികം 3,411 ഡോളറായി വർധിപ്പിക്കും.
“ഇത് കാനഡയിലെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുമെന്നും, വർധിച്ചുവരുന്ന ജീവിത ചെലവിനെ നേരിടാൻ കുടുംബങ്ങളെ സഹായിക്കുമെന്നും” കാനഡയുടെ ധനമന്ത്രി പറഞ്ഞു.
എല്ലാ മാസവും 20-ാം തീയതി ഈ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിച്ചേരും. കനേഡിയൻ പൗരൻമാർ, അംഗീകൃത താൽക്കാലിക താമസക്കാർ, പുതിയ കുടിയേറ്റക്കാർ എന്നിവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂവെന്ന് അധികൃതർ ഓർമിപ്പിച്ചു.






