ബ്രിട്ടീഷ് കൊളംബിയയിലെ സൺഷൈൻ കോസ്റ്റിൽ ശക്തമായ ഭൂചലനം! റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂകമ്പം വാൻകൂവർ ദ്വീപ്, മെട്രോ വാൻകൂവർ, ഫ്രേസർ താഴ്‌വര എന്നിവിടങ്ങളിൽ വ്യാപകമായി അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30-ന് സംഭവിച്ച ഭൂചലനത്തിൽ ചില കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും വൻ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യം 5.4 എന്ന് രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത പിന്നീട് 4.7 ആയി പുനർനിർണയിച്ചു. പിന്നീട് 2:40-ന് 1.9 തീവ്രതയുള്ള ആഫ്റ്റർ ഷോക്ക് രേഖപ്പെടുത്തി. ഈ തരത്തിലുള്ള ഭൂചലനങ്ങൾ ബി.സി-യിൽ പത്തു വർഷത്തിലൊരിക്കൽ സംഭവിക്കാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. സുനാമി ഭീഷണി നിലനിൽക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി മുന്നൊരുക്കം നടത്താൻ നിവാസികളോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്






