ആരോഗ്യ സേവന രംഗത്ത് വിവാദമായി ഫിഫയുടെ “രണ്ട് നില നയം”
2026-ലെ ഫിഫ ലോകകപ്പിന് വേദിയാകുന്ന ടൊറന്റോയിലും വാൻകൂവറിലും കായിക താരങ്ങൾക്കും വിഐപികൾക്കും മുൻഗണനാ ആരോഗ്യ സേവനങ്ങൾ ആവശ്യപ്പെട്ട് ഫിഫ രംഗത്ത്. പ്രത്യേക ആശുപത്രികൾ, വിദഗ്ധ പരിചരണം, അടിയന്തിര ചികിത്സ എന്നിവയാണ് ഫിഫ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ ആരോഗ്യ മന്ത്രാലയങ്ങൾ ഇതുവരെ യാതൊരു കരാറുകളും ഉണ്ടാക്കിയിട്ടില്ലെന്നും, ചികിത്സാ അടിയന്തിരത അനുസരിച്ച് മാത്രമായിരിക്കും പരിചരണം നൽകുകയെന്നും വ്യക്തമാക്കി.
ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത് കാനഡ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്താണെന്നത് ശ്രദ്ധേയം. ഒന്റാരിയോയിൽ 2,500 ഡോക്ടർമാരുടെ കുറവുണ്ടെന്നും, ബ്രിട്ടീഷ് കൊളംബിയയിൽ വിദഗ്ധ ചികിത്സയ്ക്ക് ദീർഘകാല കാത്തിരിപ്പുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“പൊതുജനത്തിന് മുകളിൽ ഫിഫ അനുബന്ധ വ്യക്തികൾക്ക് മുൻഗണന നൽകുന്നത് ധാർമ്മിക പ്രശ്നങ്ങൾ ഉയർത്തുന്നു,” എന്ന് ബയോഎത്തിസിസ്റ്റ് കെറി ബൗമാൻ അഭിപ്രായപ്പെട്ടു.
2015-ലെ ടൊറന്റോ പാൻ അമേരിക്കൻ ഗെയിംസ് പോലുള്ള മുൻകാല ഇവന്റുകളിൽ പൊതു ഫണ്ട് ഉപയോഗിക്കുന്നതിനു പകരം സ്വകാര്യ ഇൻഷുറൻസ് ആണ് ഉപയോഗിച്ചിരുന്നത്. ഫിഫയുടെ ഈ ആവശ്യത്തിൽ തീരുമാനമെടുക്കാത്ത സ്ഥിതിയിൽ, ഉദ്യോഗസ്ഥർ ടൂർണമെന്റിനായുള്ള ആസൂത്രണം തുടരുന്നു. പൊതുജനങ്ങൾക്കും മത്സര പങ്കാളികൾക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഉറപ്പുനൽകുന്നതായി അധികൃതർ അറിയിച്ചു.






