ഹാലിഫാക്സ് പോലീസിന്റെ ടേസർ ഉപയോഗത്തിന് ഇരയായി 37 വയസ്സുകാരൻ മരിച്ചു;
ബെഡ്ഫോർഡിൽ വെള്ളിയാഴ്ച രാത്രി ഹാലിഫാക്സ് പോലീസ് ടേസർ ഉപയോഗിച്ചതിനെ തുടർന്ന് 37 വയസ്സുക്കാരൻ മരണപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ നോവ സ്കോഷ്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. അദ്ദേഹത്തിന്റെ അസാധാരണമായ പെരുമാറ്റത്തെ തുടർന്ന് പോലീസിനെ വിളിച്ചുവരുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥലത്തെത്തിയ പോലീസുകാരോട് ആക്രമണാത്മകമായി പെരുമാറിയതിനെ തുടർന്ന് പോലീസ് ടേസർ ഉപയോഗിക്കുകയും പിന്നീട് കൈകൾ വിലങ്ങിടുകയും ചെയ്തു. താമസിയാതെ ആരോഗ്യ പ്രവർത്തകർ എത്തി അദ്ദേഹത്തിന് മെഡിക്കൽ സഹായം നൽകി, നലോക്സോൺ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയെങ്കിലും, പാരാമെഡിക്കുകളുടെയും അഗ്നിശമന സേനാംഗങ്ങളുടെയും ശ്രമങ്ങൾക്കിടയിലും അദ്ദേഹം ആശുപത്രിയിൽ മരണപ്പെട്ടു.
ഈ സംഭവത്തിൽ സീരിയസ് ഇൻസിഡന്റ് റെസ്പോൺസ് ടീം (SIRT) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പോലീസ് കോളിനിടെ ടേസർ ഉപയോഗിച്ചതിനെ തുടർന്ന് 25 വയസ്സുകാരനായ മറ്റൊരു പുരുഷൻ മരിച്ച സമാനമായ സംഭവത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ മരണം.
കാനഡയിലെ പോലീസ് ഉപയോഗിക്കുന്ന ടേസർ വിവാദങ്ങൾ വീണ്ടും ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നു. പോലീസിന്റെ ശക്തി പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ അപകടകരമായ സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത്.






