ഒട്ടാവ: സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും നേരിടുന്നതിന്റെ ഭാഗമായി ഏഴ് അന്താരാഷ്ട്ര ക്രിമിനൽ സംഘടനകളെ തീവ്രവാദ സംഘടനകളായി കാനഡ പ്രഖ്യാപിച്ചു. മാര സാൽവത്രുച (എംഎസ്-13), കാർട്ടൽ ഡി സിനലോവ, ട്രെൻ ഡി അരാഗുവ എന്നീ സംഘടനകൾ ഇതിൽ ഉൾപ്പെടുന്നു. ട്രെൻ ഡി അരാഗുവയെയും പ്രമുഖ കാർട്ടലുകളെയും ആഗോള തീവ്രവാദ സംഘടനകളായി യുഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ തീരുമാനം.
ഈ സംഘടനകൾ അതിക്രൂരമായ അക്രമങ്ങളിലൂടെ ഭീതി പരത്തുകയും മയക്കുമരുന്ന്, മനുഷ്യക്കടത്ത്, നിയമവിരുദ്ധ ആയുധ വ്യാപാരം എന്നിവയിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിന്റി പറഞ്ഞു. കാർട്ടൽ ഡെൽ ഗോൾഫോ, ലാ ഫമീലിയ മിച്ചോവാകാന, കാർട്ടെലെസ് യുണിഡോസ്, കാർട്ടൽ ഡി ജാലിസ്കോ ന്യൂവ ജെനറേഷൻ എന്നിവയാണ് മറ്റ് പ്രഖ്യാപിത സംഘടനകൾ.
മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കള്ളപ്പണം തടയുന്നതിനായി പ്രമുഖ ബാങ്കുകളുമായും നിയമപാലകരുമായും വിവരങ്ങൾ കൈമാറുന്നതിന് കാനഡ പുതിയ പങ്കാളിത്തം ആരംഭിച്ചു. കാനഡയുടെ പുതിയ ഫെന്റനൈൽ സാർ കെവിൻ ബ്രോസോ സാമ്പത്തിക-പോലീസ് ഉദ്യോഗസ്ഥരുമായുള്ള ആദ്യ യോഗത്തിന് നേതൃത്വം നൽകി.
അതേസമയം, യുഎസിന്റെ തീവ്രവാദ പ്രഖ്യാപനത്തോട് പ്രതികരിച്ച് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം ഭരണഘടനാ പരിഷ്കരണം നിർദേശിക്കാനൊരുങ്ങുന്നു. യുഎസ് ചുങ്കത്തിൽ നിന്ന് താൽക്കാലിക ഇളവ് നേടുന്നതിനുള്ള ചർച്ചകൾക്കിടെ കാർട്ടലുകളെ തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുഎസിൽ പിടിച്ചെടുക്കുന്ന ഫെന്റനൈലിന്റെ 0.2 ശതമാനം മാത്രമാണ് കാനഡയിൽ നിന്നുള്ളതെന്നും ഭൂരിഭാഗവും മെക്സിക്കോയുടെ തെക്കൻ അതിർത്തിയിൽ നിന്നാണെന്നും പൊതു കണക്കുകൾ വ്യക്തമാക്കുന്നു.






