കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ കർണാടകയിലെ മംഗളുരുവിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയ പോലീസ്, ഷിംജിത മുൻകൂർ ജാമ്യത്തിനായുള്ള നിയമനടപടികൾ ആരംഭിച്ചതായും സംശയിക്കുന്നു. ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുക എന്നത് അന്വേഷണത്തിൽ നിർണ്ണായകമാണ്.
അതേസമയം, കേസിൽ വഴിത്തിരിവാകാവുന്ന വിവരങ്ങളാണ് ബസ് ജീവനക്കാരിൽ നിന്നും പൊലീസിന് ലഭിച്ചത്. ദീപക് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന ഷിംജിതയുടെ ആരോപണം ശരിവെക്കുന്ന തെളിവുകളൊന്നും ബസിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് പോലീസ് രേഖപ്പെടുത്തിയ ബസ് ജീവനക്കാരുടെ മൊഴിയും യുവതിയുടെ വാദങ്ങൾക്ക് വിരുദ്ധമാണ്. ഇതോടെ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ചതിനാണ് പോലീസ് മുൻഗണന നൽകുന്നത്.
കഴിഞ്ഞ ദിവസമാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് മാനേജറായി ജോലി ചെയ്തിരുന്ന ദീപക്കിനെതിരെ, ബസിൽ വെച്ച് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക് വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് ഇരയാവുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.
പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്. ദീപക്കിന്റെ ഫോൺ രേഖകളും സോഷ്യൽ മീഡിയയിലെ കമന്റുകളും പരിശോധിച്ചു വരികയാണ്. കൃത്യമായ തെളിവുകളില്ലാതെ സോഷ്യൽ മീഡിയ വിചാരണ നടത്തി ഒരാളുടെ ജീവനെടുത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Young man’s suicide: Shimjita Mustafa has reportedly left the state; information suggests she has crossed over to Mangaluru



