കൽഗറി സ്റ്റാമ്പീഡിൽ നടക്കുന്ന റോഡിയോ, ചക്വാഗൺ മത്സരങ്ങൾ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് ആരോപിച്ച് മൃഗാവകാശ പ്രവർത്തകർ പ്രതിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ച സ്റ്റാമ്പീഡ് മൈതാനത്തിന് പുറത്തായിരുന്നു പ്രതിഷേധം. കാനഡയിലെ പ്രമുഖ മൃഗ നിയമ സംഘടനയായ അനിമൽ ജസ്റ്റിസിലെ ക്രിമിനൽ അഭിഭാഷകയും സ്റ്റാഫ് അഭിഭാഷകയുമായ അലക്സാന്ദ്ര പെസ്റ്റർ, കാൽഗറി അനിമൽ റൈറ്റ്സ് എഫർട്ട്, ദി ഡെയ്‌സി ഫൗണ്ടേഷൻ എന്നിവിടങ്ങളിലെ പ്രവർത്തകർക്കൊപ്പമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
“സ്റ്റാമ്പീഡ് റോഡിയോ, ചക്വാഗൺ മത്സരങ്ങൾ അവസാനിപ്പിക്കേണ്ട സമയമായെന്ന് പറയാനാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് അവർ പറഞ്ഞു. ഈ മത്സരങ്ങൾ മൃഗങ്ങളിൽ വലിയ ബുദ്ധിമുട്ടും ഭയവും വേദനയും ഉണ്ടാക്കുന്നുവെന്നും, എല്ലാ വർഷവും മൃഗങ്ങൾ മരിക്കുന്നുണ്ടെന്നും അലക്സാന്ദ്ര പെസ്റ്റർ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണത്തിനായി സ്റ്റാമ്പീഡ് അധികൃതർ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
“കഴിഞ്ഞ വർഷം പ്രത്യേകിച്ചും ധാരാളം മൃഗങ്ങൾ മരിച്ച ഒരു വർഷമായിരുന്നു,” പെസ്റ്റർ പറഞ്ഞു. “ചക്വാഗൺ മത്സരത്തിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ചതിനെ തുടർന്ന് മൂന്ന് കുതിരകൾ മരിച്ചു. കൂടാതെ സ്റ്റിയർ റെസ്ലിംഗ് മത്സരത്തിനിടെ ഒരു കാളക്കുട്ടിയുടെ കഴുത്തൊടിഞ്ഞ് മരണപ്പെട്ടു.” എല്ലാ വർഷവും കൽഗറി സ്റ്റാമ്പീഡ് മൃഗങ്ങളെ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നടപടികൾ പ്രഖ്യാപിക്കാറുണ്ടെന്നും, എന്നിട്ടും ഓരോ വർഷവും മൃഗങ്ങൾ മരിക്കുന്നത് തുടരുന്നുവെന്നും പെസ്റ്റർ വ്യക്തമാക്കി.
ഇത് ഇത്തരം മത്സരങ്ങളിലുള്ള അപകടസാധ്യതയും ക്രൂരതയും എടുത്തു കാണിക്കുന്നുവെന്നും, എത്ര മൃഗക്ഷേമ പരിഷ്കാരങ്ങൾ കൊണ്ടുവന്നാലും ഈ സംഭവങ്ങളിൽ മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. കൽഗറിയിൽ വളർന്ന താൻ കുട്ടിക്കാലത്ത് സ്റ്റാമ്പീഡിന് പോയിരുന്നുവെന്നും, റോഡിയോ മത്സരങ്ങൾ ഇല്ലാതെയും സ്റ്റാമ്പീഡ് ആസ്വദിക്കാൻ ധാരാളം വഴികളുണ്ടെന്നും പെസ്റ്റർ ഓർമ്മിപ്പിച്ചു.



