സോഷ്യൽ മീഡിയയിൽ താരമായിരുന്ന രണ്ടാം ലോകമഹായുദ്ധ സേനാനി ജേക്ക് ലാർസൺ, ‘പാപ്പാ ജേക്ക്’ 102-ആം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ലോകമെമ്പാടുമുള്ള ആളുകൾ. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ സൈന്യത്തെ നോർത്ത് ഫ്രാൻസിലെ ബീച്ചുകളിൽ വെച്ച് ആക്രമിച്ച സഖ്യകക്ഷികളുടെ സൈനികരിൽ ഒരാളായിരുന്നു ലാർസൺ. 1944-ലെ ഡി-ഡേ ആക്രമണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
വാർദ്ധക്യത്തിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാകുകയും ടിക് ടോക്കിൽ 1.2 ദശലക്ഷം (12 ലക്ഷം) ഫോളോവേഴ്സിനെ നേടുകയും ചെയ്തു. അവിടെ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും യുദ്ധത്തിൽ മരിച്ച തന്റെ സഹപ്രവർത്തകരെക്കുറിച്ചുമുള്ള കഥകൾ പങ്കുവെച്ചു. മൂന്നാഴ്ച മുൻപ്, കഴിഞ്ഞ വർഷത്തെ ഡി-ഡേയുടെ 80-ആം വാർഷികം പ്രമാണിച്ച് ബ്രിട്ടീഷ്-ഇറാനിയൻ പത്രപ്രവർത്തകനായ ക്രിസ്റ്റ്യൻ അമൻപൂരുമായി നടത്തിയ അഭിമുഖത്തിന് അദ്ദേഹത്തിന് എമ്മി അവാർഡ് ലഭിച്ചിരുന്നു.
“അദ്ദേഹം സമാധാനപരമായാണ് മരിച്ചതെന്ന് കൊച്ചുമകൾ മക്കെയ്‌ല ലാർസൺ ടിക് ടോക്കിൽ അറിയിച്ചു., അവസാന നിമിഷം വരെ തമാശകൾ പറഞ്ഞിരുന്നു,” മക്കെയ്‌ല കൂട്ടിച്ചേർത്തു. കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു, എന്നാൽ “പാപ്പാ ജേക്കിന്റെ കഥകൾ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്തുകയും ചെയ്യും” എന്നും അവർ പറഞ്ഞു.
ടിക് ടോക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ജേക്ക് ലാർസൺ പറഞ്ഞത്, “എന്റെ കൊച്ചുമകൾ എനിക്കത് അയച്ചുതരുന്നത് വരെ ടിക് ടോക്ക് എന്താണെന്ന് എനിക്കറിയില്ലായിരുന്നു” എന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ബറ്റിൽ ഓഫ് ദി ബൾജിലും അദ്ദേഹം യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രാൻസിലെ സഖ്യകക്ഷികളുടെ അധിനിവേശത്തിന് മുൻപ്, 19 വയസ്സായിരുന്നപ്പോൾ, അദ്ദേഹം വടക്കൻ അയർലണ്ടിലെ ലൂർഗാനിൽ സൈനിക സേവനമനുഷ്ഠിച്ചിരുന്നു. സമീപ വർഷങ്ങളിൽ ഡി-ഡേ അനുസ്മരണങ്ങൾക്കായി ലാർസൺ നോർമാൻഡി പലതവണ സന്ദർശിച്ചിട്ടുണ്ട്.



