ആൽബർട്ട: ആൽബർട്ടയിൽ ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നതിനെത്തുടർന്ന് ആരോഗ്യമേഖല കനത്ത പ്രതിസന്ധിയിൽ. പത്ത് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാൽഗറി നഗരത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. ആശുപത്രികളിൽ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചതോടെ പലയിടത്തും അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 13 വരെയുള്ള കണക്കുകൾ പ്രകാരം ആൽബർട്ടയിൽ 5,996 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 1,262 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 86 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് (ICU). വൈറസ് ബാധയെത്തുടർന്ന് ഇതുവരെ 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാൽഗറി മേഖലയിൽ മാത്രം 2,756 കേസുകളും 23 മരണങ്ങളും സംഭവിച്ചു. നവംബർ അവസാന വാരത്തിന് ശേഷം രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയോളം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കിടക്കകളുടെ ക്ഷാമം നേരിടുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാനായി 336 അധിക കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ കിടക്കകളേക്കാൾ ഉപരി ആരോഗ്യ പ്രവർത്തകരുടെ കുറവാണ് വലിയ വെല്ലുവിളിയെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശൈത്യകാലം കടുക്കുന്നതും അവധി ദിവസങ്ങളിലെ ഒത്തുചേരലുകളും രോഗവ്യാപനം ഇനിയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, പ്രവിശ്യയിൽ വെറും 17.7 ശതമാനം ആളുകൾ മാത്രമാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കുന്നതിലൂടെ മരണസാധ്യതയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഒരു പരിധിവരെ ഒഴിവാക്കാമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ അത്യാഹിത വിഭാഗങ്ങളിൽ പോകാതെ ഫാർമസികളെയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയോ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Worst Health Crisis in a Decade: Influenza Cases Surge Across Alberta



