ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 2025-27 സീസണിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. നിലവിലെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഫൈനലിലെത്താൻ ഇനി വെറും നാല് ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. 91 ശതമാനം സാധ്യതയുമായി ഓസീസാണ് പട്ടികയിൽ ഒന്നാമത്.
ഇതുവരെ ഒൻപത് ടെസ്റ്റുകൾ കളിച്ച ഇന്ത്യക്ക് നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമാണുള്ളത്. വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനും എതിരെ നേടിയ ജയങ്ങൾ മാത്രമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഫൈനൽ യോഗ്യത നേടണമെങ്കിൽ ഇനി കളിക്കാനുള്ള ഒൻപത് ടെസ്റ്റുകളിൽ എട്ടെണ്ണമെങ്കിലും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. ന്യൂസിലൻഡിനും ശ്രീലങ്കയ്ക്കും എതിരെ അവരുടെ നാട്ടിൽ നടക്കുന്ന നാല് എവേ ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുമാണ് ഇന്ത്യക്ക് മുന്നിലുള്ള കഠിനമായ വെല്ലുവിളി.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കാണ് ഫൈനലിലെത്താൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. 71 ശതമാനം സാധ്യതയുള്ള അവർക്ക് ഇനി കളിക്കാനുള്ള 10 ടെസ്റ്റുകളിൽ എട്ടെണ്ണവും സ്വന്തം നാട്ടിലാണെന്നത് ഗുണകരമാകും. ഇതിൽ ആറ് മത്സരങ്ങൾ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനൽ ഉറപ്പിക്കാം. മൂന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 16 ശതമാനവും നാലാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് ഒൻപത് ശതമാനവും സാധ്യതയുണ്ട്.
അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാനും ഇന്ത്യയെക്കാൾ കൂടുതൽ ഫൈനൽ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. കളിക്കാനുള്ള 11 ടെസ്റ്റുകളിൽ എട്ടെണ്ണം ജയിച്ചാൽ പാകിസ്ഥാന് മുന്നേറാം. അതേസമയം, മൂന്ന് ശതമാനം മാത്രം സാധ്യതയുള്ള ഇംഗ്ലണ്ട് പട്ടികയിൽ ഇന്ത്യക്ക് പിന്നിലാണ്. ഇംഗ്ലണ്ടിന് ഫൈനലിലെത്തണമെങ്കിൽ ഇനി കളിക്കാനുള്ള 11 ടെസ്റ്റുകളിൽ പത്തെണ്ണമെങ്കിലും ജയിക്കേണ്ടി വരും.
ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ഓഗസ്റ്റിലെ ശ്രീലങ്കൻ പര്യടനവും ഒക്ടോബറിലെ ന്യൂസിലൻഡ് പരമ്പരയും നിർണ്ണായകമാണ്. എന്നാൽ അടുത്ത വർഷം ജനുവരിയിൽ കരുത്തരായ ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാകും ഇന്ത്യയുടെ വിധി നിശ്ചയിക്കുക. ശക്തരായ ഓസീസിനെതിരെ പൂർണ്ണ ആധിപത്യം പുലർത്താൻ കഴിഞ്ഞാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
World Test Championship: India’s chances of reaching the final are decreasing; Australia’s chances are assessed as 91%



