ഒട്ടാവ: കാനഡയിലെ കോടതികളിൽ അഭിഭാഷകർ ബ്രിട്ടീഷ് രാജാവിനോട് വിശ്വസ്തത പുലർത്തണമെന്ന് ആവശ്യപ്പെടുന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമം ഒരു സിഖ് യുവാവിന്റെ നിയമപോരാട്ടത്തിന് മുന്നിൽ വഴിമാറുന്നു. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് ജില്ലയിലുള്ള വാറിംഗ് ഗ്രാമത്തിൽ നിന്നുള്ള പ്രഭ്ജോത് സിംഗ് വിറിംഗാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്.
1987-ൽ കാനഡയിൽ ജനിച്ച പ്രഭ്ജോത് സിംഗ് ആൽബർട്ടയിൽ നിയമ ബിരുദം പൂർത്തിയാക്കി ബാർ അസോസിയേഷനിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോഴാണ് ഈ കടമ്പ മുന്നിലെത്തിയത്. ആൽബർട്ടയിലെ നിയമമനുസരിച്ച് അഭിഭാഷകനായി ജോലി ചെയ്യാൻ ചാൾസ് രാജാവിനോട് വിശ്വസ്തത പ്രഖ്യാപിക്കുന്ന പ്രതിജ്ഞ എടുക്കണമായിരുന്നു. എന്നാൽ, ഗുരു ഗോവിന്ദ് സിംഗിന്റെ അനുയായിയായ തനിക്ക് തന്റെ ഗുരുവിനേക്കാൾ മുകളിൽ മറ്റാരെയും പ്രതിഷ്ഠിക്കാൻ കഴിയില്ലെന്നും അത്തരമൊരു പ്രതിജ്ഞ തന്റെ മതവിശ്വാസത്തിന് വിരുദ്ധമാണെന്നും പ്രഭ്ജോത് നിലപാടെടുത്തു.
നീണ്ട നിയമപോരാട്ടം തൊഴിലിനും മതവിശ്വാസത്തിനുമിടയിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2022-ലാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കീഴ്ക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കിലും അദ്ദേഹം പോരാട്ടം തുടർന്നു. ഒടുവിൽ 2025 ഡിസംബർ 16-ന് ആൽബർട്ട കോടതി പ്രഭ്ജോതിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. നിർബന്ധിത പ്രതിജ്ഞ കനേഡിയൻ അവകാശ ചാർട്ടറിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1912 മുതൽ നിലനിന്നിരുന്ന നിയമപ്രക്രിയയാണ് ഈ വിധിയോടെ തിരുത്തപ്പെട്ടത്. കാനഡയിലെ ഏതെങ്കിലും ഒരു തൊഴിലിലോ പദവിയിലോ പ്രവേശിക്കുന്നതിന് രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിക്കുന്നത് ഇനിമുതൽ നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Won’t swear to the King: Sikh lawyer forces Canada to drop monarch oath



