മോങ്ക്ടൺ : മോങ്ക്ടണിൽ മാലിന്യവീപ്പയ്ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12:10 ഓടെ ഹൈ സ്ട്രീറ്റിന് സമീപമുള്ള നടപ്പാതയ്ക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ്സുകാരിയായ യുവതി മോൺക്ടൺ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ന്യൂ ബ്രൺസ്വിക്ക് ആർസിഎംപി മേജർ ക്രൈം യൂണിറ്റ് നിലവിൽ ഈ സംശയാസ്പദമായ മരണം കൊലപാതകമായി കണക്കാക്കിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ നോർവുഡ് അവന്യൂവിലെ ഒരു കെട്ടിടത്തിൽ പൊലീസ് പ്രത്യേക പരിശോധന നടത്തി. വരും ദിവസങ്ങളിലും ഈ മേഖലകളിൽ പൊലീസ് സാന്നിധ്യം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
എട്ട് യൂണിറ്റുകളുള്ള ഒരു പാർപ്പിട സമുച്ചയത്തിലാണ് ചൊവ്വാഴ്ച ഫോറൻസിക് സംഘം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പ്രവിശ്യാ ഭരണകൂടത്തിന് കീഴിലുള്ള ഈ അഫോർഡബിൾ ഹൗസിംഗ് യൂണിറ്റിലെ താമസക്കാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും തെളിവുകൾ രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പ്രദേശവാസികൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂ ബ്രൺസ്വിക്ക് ആർസിഎംപി മേജർ ക്രൈം യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Woman’s body found in Moncton trash bin: RCMP confirm murder



