ടൊറന്റോ: കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷപരമായ എഴുത്ത് കണ്ട സംഭവത്തിൽ 29കാരിയായ യുവതിയെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. പീൽ റീജിയണൽ പോലീസ് (PRP) പുറത്തുവിട്ട പ്രസ്താവന പ്രകാരം, മിസ്സിസാഗ നിവാസിയായ ഫ്രീഡ ലൂക്കർ-റില്ലോറാസ (Freda Looker-Rilloraza) ആണ് അറസ്റ്റിലായത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഹേറ്റ് ക്രൈംസ് യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തതും കേസെടുത്തതും.
GTA നഗരമായ മിസ്സിസാഗയിലെ ഒരു കുട്ടികളുടെ പാർക്കിന് അടുത്താണ് ‘Indian Rats’ എന്ന വിദ്വേഷ സന്ദേശം കണ്ടെത്തിയത്. സെപ്റ്റംബർ 22-ന് രാവിലെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് റിപ്പോർട്ട് ലഭിക്കുന്നത്. “സ്പ്രേ പെയിൻ്റ് ചെയ്ത വിദ്വേഷപരമായ എഴുത്തിൽ മുസ്ലിം, ഇന്ത്യൻ സമൂഹത്തിനെതിരായ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയിരുന്നു,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
Mischief Over $5,000 (5,000 ഡോളറിലധികം നാശനഷ്ടം വരുത്തിയ കുറ്റം) എന്ന വകുപ്പാണ് ലൂക്കർ-റില്ലോറാസക്ക് മേൽ ചുമത്തിയിട്ടുള്ളത്. നിശ്ചിത വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. പിന്നീട് ഇവരെ ഒന്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും.
വിദ്വേഷം വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശമാണ് യുവതിയുടെ അറസ്റ്റിലൂടെ പൊലീസ് നൽകുന്നതെന്ന് മിസ്സിസാഗ സിറ്റി കൗൺസിൽ അംഗം ദിപിക ദാമർല പ്രതികരിച്ചു. സമീപ മാസങ്ങളിലായി കാനഡയിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ ആക്രമണങ്ങളും കുടിയേറ്റ വിരുദ്ധ വികാരങ്ങളും വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canada police arrest woman in connection with hate-related graffiti targeting Indians



