ദുബായ്: ഇന്ത്യയിലെ ചേരികളിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച റൂബിൾ നാഗിക്ക് ഒമ്പത് കോടി രൂപയുടെ ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’. ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ 24 വർഷമായി ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമേകിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം.
‘റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷനിലൂടെ’ ഇന്ത്യയിലുടനീളം എണ്ണൂറിലധികം ലേണിംഗ് സെന്ററുകളാണ് റൂബിൾ സ്ഥാപിച്ചിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, സയൻസ്, കണക്ക് തുടങ്ങിയ വിഷയങ്ങൾ ചുവർചിത്രങ്ങളിലൂടെ ലളിതമായി പഠിപ്പിക്കുന്ന രീതിയും അവർ ആവിഷ്കരിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള ആർടിസ്റ്റ് കൂടിയായ റൂബിൾ, കലയെ വിദ്യാഭ്യാസവുമായി കോർത്തിണക്കിയാണ് ചേരിനിവാസികൾക്കിടയിൽ മാറ്റങ്ങൾ കൊണ്ടുവന്നത്.
മുംബൈയിലെ ചേരികളിലെ വീടുകൾ ചായം പൂശി മനോഹരമാക്കുകയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ‘മിസാൽ മുംബൈ’ എന്ന പദ്ധതിയിലൂടെയാണ് റൂബിൾ ശ്രദ്ധേയയായത്. പിന്നീട് ‘മിസാൽ ഇന്ത്യ’ എന്ന പേരിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. പാവപ്പെട്ട കുട്ടികൾക്കായി സൗജന്യ വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സമ്മാനത്തുക ഉപയോഗിക്കുമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അവർ വ്യക്തമാക്കി.
24 വർഷങ്ങൾക്ക് മുൻപ് വെറും 30 കുട്ടികളുമായി തുടങ്ങിയ യാത്ര പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളിലേക്ക് എത്തിയതായി റൂബിൾ നാഗി വൈകാരികമായി പറഞ്ഞു. എല്ലാ കുട്ടികളും സ്കൂളിൽ പോകണമെന്ന തന്റെ കുട്ടിക്കാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്നും പുരസ്കാരം രാജ്യത്തിന് അഭിമാനമാണെന്നും അവർ കൂട്ടിച്ചേർത്തു. റൂബിളിന്റെ നിശ്ചയദാർഢ്യം ഒരു സമൂഹത്തെ തന്നെ ശക്തിപ്പെടുത്തിയതായി പുരസ്കാര സ്ഥാപകൻ സണ്ണി വർക്കി പ്രശംസിച്ചു.
മുംബൈയിലെ ചേരികളെ മാത്രമല്ല, വിദ്യാഭ്യാസത്തെ നോക്കിക്കാണുന്ന രീതിയെത്തന്നെ റൂബിൾ നാഗി മാറ്റിയെഴുതിയിരിക്കുകയാണ്. അവിടുത്തെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കുട്ടികളുടെ ഭാവിയും അവർ സുരക്ഷിതമാക്കി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇവരുടെ മ്യൂറൽ ചിത്രങ്ങൾ ഇന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ലേണിംഗ് സെന്ററുകളുടെ ഭാഗമായി നിലനിൽക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ruble Nag, who made art a reality, wins Global Teacher Prize; Indian teacher gets international award worth Rs 9 crore



