വിന്നിപെഗ്: യുക്രെയ്നിൽ നിന്നുള്ള അഭയാർത്ഥിയായ ജൂലിയ ഡ്രൈഹാക്ക് (Julia Dryhach), മകൻ മാക്കറുമായി (Makar) 2023-ലാണ് ജർമ്മനിയിൽ നിന്ന് വിന്നിപെഗിൽ എത്തുന്നത്. 2022-ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ രാജ്യം വിട്ട ജൂലിയക്ക് കാനഡയിൽ ഒരു നിയമ സഹായിയായി ജോലി ലഭിച്ചെങ്കിലും, അന്ന് നാലു വയസ്സുകാരനായിരുന്ന മാക്കറിന് വിശ്വസ്തമായ ശിശുപരിപാലന കേന്ദ്രം (ഡേ കെയർ) കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് ജൂലിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറി.
കുട്ടിയെ നോക്കാൻ ആരുമില്ലാതെ ജോലി നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട ജൂലിയ, കാനഡയിലെ പുതിയ ജീവിതം ഉപേക്ഷിച്ച് തിരിച്ചുപോകാൻ വരെ പ്രേരിപ്പിച്ചു. “ഞാൻ തിരികെ യുക്രെയ്‌നിലേക്ക് പോകാനും ഒരുപക്ഷേ റഷ്യ ആക്രമിക്കാത്ത ഒരു ചെറിയ ഗ്രാമം കണ്ടെത്താനും ആലോചിച്ചിരുന്നു. സത്യം പറഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു, ഞാൻ തീർത്തും നിസ്സഹായയായിരുന്നു,” ജൂലിയ ഡ്രൈഹാക്ക് അന്ന് അനുഭവിച്ച നിരാശ പങ്കുവെച്ചു.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് 2024 സെപ്റ്റംബറിൽ വിന്നിപെഗിലെ റോമിയോ-ഡല്ലെയർ സ്കൂളിലെ കളിസ്ഥലത്തുവെച്ച് ജൂലിയ ഫെയ്ത്ത് കാമ്പ്ബെലിനെ (69) യാദൃച്ഛികമായി കണ്ടുമുട്ടുന്നത്. തന്റെ പ്രശ്നങ്ങൾ ജൂലിയ ഫെയ്ത്തുമായി പങ്കുവെച്ചു. ജൂലിയയുടെ ബുദ്ധിമുട്ടുകൾ കേട്ട നിമിഷം തന്നെ തനിക്കും ഭർത്താവ് ഹ്യൂവിനും (73) സഹായിക്കാൻ കഴിയുമെന്ന് ഫെയ്ത്ത് കാമ്പ്ബെലിന് മനസ്സിലായി. “നിങ്ങൾക്ക് കുറച്ച് പിന്തുണ ആവശ്യമുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നു, അതിനാൽ ഞങ്ങൾ നിങ്ങളുടെ കനേഡിയൻ കുടുംബമാകാൻ ആഗ്രഹിക്കുന്നു. അതിലുപരിയായി, നിങ്ങളുടെ മകന് ഡേ കെയർ നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” ഫെയ്ത്ത് ജൂലിയയോട് പറഞ്ഞു.
അങ്ങനെ, കാമ്പ്ബെൽ ദമ്പതികൾ ജൂലിയയുടെ ജോലി തീരുന്നതുവരെ മാക്കറിന് മിക്കവാറും എല്ലാ ദിവസവും സ്കൂളിന് ശേഷമുള്ള പരിചരണം നൽകിത്തുടങ്ങി. സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് പരിചരിക്കുന്നത് ജൂലിയക്ക് വലിയ ആശ്വാസമായി. കേവലം ശിശു സംരക്ഷണം മാത്രമല്ല, കാനഡയിലെ സാമൂഹിക ചുറ്റുപാടുകൾ, ആചാരങ്ങൾ എന്നിവ മനസ്സിലാക്കാനും ഒരു പുതിയ സൗഹൃദ സമൂഹം സ്ഥാപിക്കാനും ജൂലിയക്ക് ഈ ബന്ധം സഹായകമായി. പുതിയ നാട്ടിൽ തുടക്കത്തിൽ ആരെയും വിശ്വസിക്കാൻ മടിച്ച് നിന്ന ജൂലിയക്ക്, 2004 നും 2010 നും ഇടയിൽ ഈജിപ്തിലും ഇന്ത്യയിലും ജോലി ചെയ്ത പരിചയമുള്ള കാമ്പ്ബെൽ ദമ്പതികൾ വലിയ ധൈര്യം പകർന്നു.
ഒരു വിദേശ രാജ്യത്ത് അപരിചിതരാകുന്നത് എന്താണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. “ഞാൻ കാനഡയിൽ പുതിയൊരാളായിരുന്നെങ്കിൽ എനിക്ക് എങ്ങനെ അനുഭവപ്പെടുമെന്ന് ചിന്തിക്കാൻ എളുപ്പമാണ്. എനിക്ക് ഒരാൾ ഉപദേശകനായി ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കും,” ഫെയ്ത്ത് കാമ്പ്ബെൽ പറഞ്ഞു. 2024-ൽ വിന്നിപെഗ് കളിസ്ഥലത്തുവെച്ചുണ്ടായ ആ കൂടിക്കാഴ്ച ജൂലിയയുടെ ജീവിതത്തെ മാറ്റിമറിച്ചു. “വിശ്വസിക്കാൻ കഴിയുന്ന ആളുകളെ കണ്ടുമുട്ടി എന്ന് അറിഞ്ഞപ്പോൾ വലിയൊരശ്വാസമായിരുന്നു അത്. ആ വികാരം വിവരിക്കാൻ പ്രയാസമാണ്,” ജൂലിയ പറയുന്നു.
ഇപ്പോൾ ശിശുപരിപാലനത്തിനപ്പുറം, അവധി ദിവസങ്ങൾ ഒരുമിച്ചാഘോഷിക്കുകയും അവധിക്കാല യാത്രകൾ ചെയ്യുകയും പള്ളിയിൽ പോകുകയും ചെയ്യുന്ന അടുത്ത കുടുംബങ്ങളായി ഇവർ മാറി. ഈ പുതിയ ബന്ധം തൻ്റെ ജീവിതത്തെയും സമ്പന്നമാക്കിയെന്ന് ഫെയ്ത്ത് കാമ്പ്ബെൽ അഭിപ്രായപ്പെട്ടു. “അഭയാർത്ഥികൾക്ക് കാനഡക്കാർക്ക് പഠിപ്പിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മറ്റൊരാളുടെ ജീവിതത്തിന്റെ ഭാഗമാകുക എന്നത്, അത് കടുപ്പമുള്ളതാണെങ്കിൽ പോലും, ശരിയായ കാര്യമാണ്, അത് വളരെ പ്രധാനപ്പെട്ടതുമാണ്,” ഫെയ്ത്ത് കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



