മുംബൈ: ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സിവേയിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. ലാൻഡ് ചെയ്ത ശേഷം നീങ്ങുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന്റെ അഗ്രം തട്ടുകയായിരുന്നു. മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനവും ഹൈദരാബാദിൽ നിന്നെത്തിയ ഇൻഡിഗോ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.
സംഭവം നടക്കുമ്പോൾ ഇരു വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കുകളില്ലെന്നത് വലിയ ആശ്വാസമായി. എയർ ഇന്ത്യ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കി സാങ്കേതിക പരിശോധനയ്ക്കായി മാറ്റി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ വിമാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ‘മുംബൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഫ്ലൈറ്റ് എഐ2732 മറ്റൊരു വിമാനത്തിൽ ഇടിച്ചതിനാൽ പുറപ്പെടുന്നത് വൈകും. ഇരുവിമാനങ്ങളുടെയും ചിറകിന്റെ അഗ്രങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ വിമാനത്തിന് കേടുപാടുണ്ടായിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ വിമാനം നിലത്തിറക്കി സാങ്കേതിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരെയും സുരക്ഷിതരായി തിരിച്ചിറക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കും.’–എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Wingtips of Aircrafts collided in Mumbai


