ഒന്റാറിയോയിലെ വിൻഡ്സർ നഗരത്തിലെ ഗ്ലെൻഗാറി മേഖലയിലെ അപ്പാർട്ട്മെന്റുകളിൽ നടത്തിയ റെയ്ഡിൽ മൂന്ന് ദിവസത്തിനിടെ 17 പേരെ അറസ്റ്റ് ചെയ്തതായി വിൻഡ്സർ പോലീസ് അറിയിച്ചു. ജൂൺ 20 മുതൽ 22 വരെ ഡൗൺടൗൺ വിൻഡ്സറിലെ ഗ്ലെൻഗാറി അവന്യൂവിൽ നടന്ന ഈ റെയ്ഡുകളിൽ 22 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിൻസർ എസെക്സ് കമ്മ്യൂണിറ്റി ഹൗസിംഗ് കോർപ്പറേഷനുമായി സഹകരിച്ചാണ് പോലീസ് ഈ ഓപ്പറേഷൻ നടത്തിയത്.
റെയ്ഡിന്റെ ഭാഗമായി വാട്ടർലൂവിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഒരു വാഹനവും പോലീസ് കണ്ടെടുത്തു. ഉള്ളിലേക്ക് കയറി കവർച്ച (Break and Enter), മോഷണം (Theft) തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗ്ലെൻഗാറി അവന്യൂവിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും സാമൂഹിക അസ്വസ്ഥതകൾക്കും നേരെയുള്ള ഒരു പ്രതികരണം മാത്രമല്ല ഇത്, മറിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം കൂടിയാണെന്ന് വിൻഡ്സർ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് സ്ഥിരമായി നിലനിൽക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഈ നീക്കങ്ങളുടെ ഭാഗമായി തുടർദിവസങ്ങളിൽ പ്രദേശത്ത് നഴ്സുമാരെയും ക്രൈസിസ് റെസ്പോൺസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായവർക്കും ആവശ്യമുള്ളവർക്കും വൈദ്യസഹായവും മറ്റ് പരിചരണങ്ങളും സംഭവസ്ഥലത്ത് വെച്ച് തന്നെ ലഭ്യമാക്കി. വിൻഡ്സറിലെ “സുരക്ഷാ പ്രശ്നങ്ങളുള്ള” മേഖലകളിലൊന്നായാണ് ഗ്ലെൻഗാറി അവന്യൂവിനെ കണക്കാക്കുന്നത്. 2024-ൽ മാത്രം ഈ മേഖലയിലെ ഡൗൺടൗൺ ഏരിയയിൽ നിന്ന് 24 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും രേഖകളുണ്ട്. ഗ്ലെൻഗാറി മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പ്രശ്നങ്ങൾ തടയുന്നതിനും വേണ്ടി പോലീസും കമ്മ്യൂണിറ്റി പങ്കാളികളും ചേർന്ന് നടത്തിയ ഈ ഹൈ-വിസിബിലിറ്റി ഓപ്പറേഷൻ വിജയകരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.



