ഭവനലഭ്യതയും സുരക്ഷയും നിർണ്ണായക വിഷയങ്ങൾ
കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലിവ്രെ വാൻകൂവർ ദ്വീപിൽ വലിയ സ്വാധീനം നേടിയെടുക്കുന്നു. നാനൈമോയ്ക്ക് സമീപമുള്ള നാനൂസ് ബെയിൽ നടന്ന വൻ റാലിയിൽ ആയിരക്കണക്കിന് പിന്തുണക്കാർ പങ്കെടുത്തു. NDP-യുടെ ആറ് സീറ്റുകളും ഗ്രീൻ പാർട്ടിയുടെ ഒരു സീറ്റും ഉൾപ്പെടുന്ന ദ്വീപിൽ നിന്ന് രണ്ടു മുതൽ നാലു സീറ്റുകൾ വരെ കൺസർവേറ്റീവുകൾക്ക് നേടാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പ്രത്യേകിച്ച് നാനൈമോ-ലാഡിസ്മിത്ത് റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി തമാര ക്രോണിസിന്റെ പ്രചാരണം ശക്തി നേടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് പ്രമുഖ സ്ഥാനാർത്ഥികൾക്കിടയിൽ 28%, 27%, 25% എന്നിങ്ങനെ തീവ്രമായ മത്സരമാണ് ഉണ്ടായിരുന്നത്. ഇത്തവണയും NDP സ്ഥാനാർത്ഥി ലിസ മാരി ബാരോൺ, ലിബറൽ സ്ഥാനാർത്ഥി മിഷേൽ കോർഫീൽഡ്, ഗ്രീൻ സ്ഥാനാർത്ഥി പോൾ മാന്ലി എന്നിവരുമായി കടുത്ത മത്സരമാണ് നടക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി, ഭവനലഭ്യത, പൊതുസുരക്ഷ, ക്രൈം പ്രശ്നങ്ങൾ എന്നിവയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഫെന്റനിൽ വ്യാപാരികൾക്ക് ജീവപര്യന്തം തടവും, ഹോമ്ലെസ്സ് ക്യാമ്പുകൾ നീക്കംചെയ്യാൻ അധികൃത നടപടികളും, ഭവനരഹിതർക്കായി ചികിത്സാ സഹായവും താമസസൗകര്യവും ഉറപ്പാക്കുമെന്ന് പൊയിലിവ്രെ പ്രഖ്യാപിച്ചു.
“വാൻകൂവർ ദ്വീപിലെ ജനങ്ങൾ സുരക്ഷിതത്വത്തിനും ഭവനസൗകര്യത്തിനും വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരുങ്ങുന്നത്. ഈ പ്രശ്നങ്ങൾക്ക് ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ ശക്തമായ പരിഹാരം നൽകാൻ കഴിയൂ,” എന്ന് പൊയിലിവ്രെ റാലിയിൽ പ്രസംഗിച്ചു. ഹോമ്ലെസ്സ് പ്രശ്നത്തിൽ പൊയിലിവ്രെ കർശന നടപടികൾ വാഗ്ദാനം ചെയ്യുമ്പോൾ, മറ്റു പാർട്ടി സ്ഥാനാർത്ഥികൾ സമഗ്രമായ പരിഹാരമാണ് മുന്നോട്ട് വയ്ക്കുന്നത്.



