കാനഡയിലെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായ പിയറി പോയിലിവർ 2004 മുതൽ താൻ പ്രതിനിധാനം ചെയ്തുവരുന്ന കാർലട്ടൺ മണ്ഡലത്തിൽ ഇത്തവണ വലിയ വെല്ലുവിളി നേരിടുകയാണ്. ഏപ്രിൽ 28 ന് നടക്കുന്ന 2025 ലെ പൊതു തെരഞ്ഞെടുപ്പിൽ ലിബറൽ നേതാവ് മാർക്ക് കാർണിയുടെ കീഴിൽ ലിബറൽ പാർട്ടി വലിയ മുന്നേറ്റം നടതാനാണ് സാദ്ധ്യതകൾ. പോയിലിവറും ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയിയും തമ്മിൽ 48-49% വോട്ടുകളുമായി വളരെ അടുത്ത മത്സരമാണ് കാർലട്ടൺ മണ്ഡലത്തിൽ നടക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെയും ലിബറൽ പാർട്ടിയുടെയും പാർട്ടിക്കുള്ളിലെ വോട്ടെടുപ്പുകൾ ശക്തമായ മത്സരം ഉണ്ടെന്ന് കാണിക്കുന്നു.
ഒട്ടാവയുടെ മറ്റു മണ്ഡലങ്ങളിലും ലിബറൽ പാർട്ടി മികച്ച പുരോഗതി കൈവരിക്കുന്നുണ്ട്. ഒന്റാറിയോ പി.സി. പാർട്ടിയുടെ വോട്ടെടുപ്പനുസരിച്ച്, ഒട്ടാവ പ്രദേശത്തെ മണ്ഡലങ്ങളിൽ ലിബറൽ പാർട്ടിക്ക് 53% പിന്തുണയും, കൺസർവേറ്റീവ് പാർട്ടിക്ക് 31% പിന്തുണയുമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, പോയിലിവറിന് തന്റെ മണ്ഡലം നിലനിർത്താൻ കാനഡയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ സന്നദ്ധ പ്രവർത്തകരെയും ജീവനക്കാരെയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ, നാനോസ് പോളിംഗ് അനുസരിച്ച്, ലിബറൽ പാർട്ടി 44.1% പിന്തുണയുമായി മുന്നിട്ടു നിൽക്കുന്നു, കൺസർവേറ്റീവ് പാർട്ടിക്ക് 38.5% പിന്തുണയും, എൻ.ഡി.പി.ക്ക് 8% പിന്തുണയുമാണ് ലഭിക്കുന്നത്. കാർലട്ടൺ മണ്ഡലത്തിൽ പോയിലിവർ പരാജയപ്പെട്ടാൽ, അത് അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തെ ബാധിക്കുമെന്ന് പരിചയസമ്പന്നരായ കൺസർവേറ്റീവ് നേതാക്കൾ പ്രത്യേകിച്ച് മാർജറി ലെബ്രെറ്റൺ അഭിപ്രായപ്പെടുന്നു. അത്തരമൊരു പരാജയം പാർട്ടിയെ വിഭജിക്കാൻ കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പോയിലിവർ തന്റെ സാമ്പത്തിക പദ്ധതികളെ പ്രതിരോധിച്ചുകൊണ്ട് ഒന്റാറിയോയിലും നോവ സ്കോഷ്യയിലും പ്രചാരണം നടത്തുമ്പോൾ, മാർക്ക് കാർണി ബ്രിട്ടീഷ് കൊളംബിയയിൽ സാമൂഹിക പദ്ധതികൾക്കും മെഡിക്കൽ രേഖകളുടെ മെച്ചപ്പെട്ട ലഭ്യതയ്ക്കും പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് പ്രചാരണം നടത്തുന്നു.


