ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ, പത്തുലക്ഷത്തിലധികം സൈനികരെയും സന്നദ്ധപ്രവർത്തകരെയും യുദ്ധസജ്ജമാക്കിയതായി ഇറാൻ. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ അമേരിക്കയ്ക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നൽകുമെന്നും രാജ്യം ‘നരകം’ കാണേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം ആണ് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഈ വൻ സജ്ജീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആയിരക്കണക്കിന് യുവാക്കളാണ് സൈന്യത്തിൽ ചേരാൻ സന്നദ്ധത അറിയിച്ച് അപേക്ഷ നൽകിക്കൊണ്ടിരിക്കുന്നത്.
ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം ആഗോള എണ്ണവിപണിയെയും സാമ്പത്തിക രംഗത്തെയും തകിടം മറിച്ച സാഹചര്യത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം രണ്ട് വഴികളാണ് ആലോചിക്കുന്നത്. ഒന്ന്, പാക്കിസ്ഥാനെ മധ്യസ്ഥനാക്കി 15 ഇന നിർദ്ദേശങ്ങളിലൂടെ സമാധാന ചർച്ചകൾ നടത്തുക. രണ്ട്, നേരിട്ടുള്ള കരയുദ്ധത്തിലൂടെ ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കുക. ചർച്ചകൾക്കായി 10 ദിവസത്തെ ആക്രമണ വിരാമം ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത് കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടത്താനുള്ള തന്ത്രമാണെന്നാണ് ഇറാന്റെ വിലയിരുത്തൽ. ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ വഴി ഇറാനും ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുന്നുണ്ട്.
ചർച്ചകളെക്കുറിച്ച് അമേരിക്ക പരസ്യമായി സംസാരിക്കുമ്പോഴും പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുഎസ് സൈനികർ എത്തിക്കൊണ്ടിരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിൽ ഏഴായിരത്തോളം പുതിയ സൈനികരെ കൂടി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇതോടെ മേഖലയിലെ ആകെ യുഎസ് സൈനികരുടെ എണ്ണം അരലക്ഷം കടന്നു. ഇറാന്റെ എണ്ണസമ്പത്തിന്റെ കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുത്ത് സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ഖാർഗ് ദ്വീപിൽ ഇറാൻ കുഴിബോംബുകൾ വിന്യസിക്കുകയും സൈനിക കാവൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

https://yfalanguageacademy.com
അതിർത്തിയിലെ ശത്രുക്കളുടെ ഓരോ ചലനവും തങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ഇറാനിയൻ ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇറാൻ സൈന്യം പൂർണ്ണ സജ്ജമാണ്. കരയുദ്ധത്തിന് മുതിർന്നാൽ ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം തസ്‌നിം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. കര-നാവിക സേനകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രതിരോധ നിരയാണ് ഇറാൻ നിലവിൽ ഒരുക്കിയിരിക്കുന്നത്.
‘Will show America hell’; Iran prepares defense line with 1 million soldiers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



