രാജ്യത്ത് 500 രൂപ നോട്ടുകൾ നിരോധിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2026 മാർച്ചോടെ റിസർവ് ബാങ്ക് 500 രൂപ നോട്ടുകൾ പിൻവലിക്കുമെന്ന സന്ദേശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വാർത്താ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പിഐബി ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
500 രൂപ നോട്ടുകൾ നിരോധിക്കാൻ റിസർവ് ബാങ്ക് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഈ നോട്ടുകൾക്ക് നിയമപരമായ മൂല്യം തുടരുമെന്നും കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ ഇത്തരം നോട്ടുകൾ ഉപയോഗിച്ച് സാധാരണ നിലയിൽ ഇടപാടുകൾ നടത്താവുന്നതാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിരുന്നു. 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ സർക്കാരിന് നിലവിൽ പദ്ധതിയില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എടിഎമ്മുകൾ വഴി 100, 200 രൂപ നോട്ടുകൾക്കൊപ്പം 500 രൂപ നോട്ടുകളും തുടർച്ചയായി ലഭ്യമാകുമെന്ന് അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കിയതാണ്.
മുൻപും സമാനമായ രീതിയിൽ വ്യാജ വീഡിയോകളും സന്ദേശങ്ങളും 500 രൂപ നോട്ടിനെക്കുറിച്ച് പ്രചരിച്ചിരുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Will Rs 500 notes be banned? Central government clarifies news circulating on social media



