മാനിറ്റോബയിലെ ലാക് ഡു ബോണെറ്റിന് സമീപത്ത് പടർന്നുപിടിച്ച കാട്ടുതീ ഏകദേശം ആയിരത്തോളം പേരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്നതിന് കാരണമായി. പ്രത്യേകിച്ച് വെൻഡിഗോ ബീച്ച് മേഖലയിൽ വ്യാപകമായ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വലിയ രീതിയിൽ കാട്ടു തീ വ്യാപിച്ചു. കാറ്റുണ്ടായതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നു. ബുധനാഴ്ചയോടെ കാട്ടുതീ 3,000 ഹെക്ടറിലേക്ക് വ്യാപിച്ചു.
ലാക് ഡു ബോണെറ്റ് റൂറൽ മുനിസിപ്പാലിറ്റിയുടെ ഭരണാധികാരി ലോറൻ ഷിങ്കൽ ഈ സാഹചര്യത്തെ “വളരെ കറുത്ത ദിനം ” എന്ന് വിശേഷിപ്പിച്ചു. ജനങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണത്തിനായി രാത്രിയിലുടനീളം പ്രവർത്തിച്ച അഗ്നിശമന സേനയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നിലവിൽ 24 ഇടങ്ങളിൽ കാട്ടുതീകൾ സജീവമാണെങ്കിലും, അസാധാരണമായ ചൂട്, കാലാവസ്ഥാ വരൾച്ച, ശക്തമായ കാറ്റ് എന്നിവയാൽ ഇത്തവണത്തെ അഗ്നിബാധ സീസൺ നേരത്തേയും കൂടുതൽ അപകടകരമായി തുടങ്ങിയിരുന്നു.
ഹൈവേ 313-ന് തെക്കുള്ള നിരവധി മേഖലകളിലും ഹൈവേ 433, കേപ് കോപ്പർമൈൻ, ഗ്രൗസ്ഡിൻ പോയിന്റ് എന്നിവിടങ്ങളിലും ഒഴിപ്പിക്കൽ ഉത്തരവുകൾ പ്രാബല്യത്തിലാണ്. ഒഴിപ്പിക്കലിനും ദുരിതബാധിത പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും RCMP തിരച്ചിൽ-രക്ഷാ സംഘത്തെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കേറ്റ നാശനഷ്ടങ്ങൾ മൂലം മാനിറ്റോബ ഹൈഡ്രോ വ്യാപകമായ വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഗ്നിബാധ മൂലം പ്രദേശത്തേക്കുള്ള പ്രവേശന മാർഗങ്ങൾ അപകടാവസ്ഥയിലായതിനാൽ, മാനിറ്റോബ ഹൈഡ്രോ സ്ലേവ് ഫോൾസിലെയും പോയിന്റ് ഡു ബോയിസിലെയും വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു.
ഭവനരഹിതരായവർ ലാക് ഡു ബോണെറ്റിലെ കമ്മ്യൂണിറ്റി ഹാളിൽ രജിസ്റ്റർ ചെയ്തുവരുന്നു. അവിടെ സന്നദ്ധപ്രവർത്തകർ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ചെറിയ തോതിലുള്ള മഴ മാത്രമാണ് വരാനുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ അധികാരികൾ കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



