നയാഗ്ര; നയാഗ്ര വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിൽ 1918 മുതൽ കുടുങ്ങിക്കിടക്കുന്ന ചരിത്രപരമായ കപ്പലിന്റെ (Iron Scow) ഭാഗം വീണ്ടും അൽപ്പം കൂടി താഴേക്ക് നീങ്ങി. നയാഗ്ര നദിയിലെ ശക്തമായ ഒഴുക്കിൽ, നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ലോഹപേടകത്തിന്റെ മുൻഭാഗം (bow) അടർന്ന് അൽപ്പം താഴേക്ക് നീങ്ങുകയും ഒരു പാറയിൽ ഉറച്ചുനിൽക്കുകയും ചെയ്തതായി നയാഗ്ര പാർക്സ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
‘സ്കൗ’ അഥവാ ‘അയൺ സ്കൗ’ എന്നറിയപ്പെടുന്ന ഈ കപ്പൽ ഭാഗം, നയാഗ്രയുടെ ചരിത്രത്തിലെ ഒരു പ്രധാന ആകർഷണമാണ്. 1918 ഓഗസ്റ്റ് 6-നാണ് ഈ ഡമ്പിംഗ് ബാർജ്, അതിനെ വലിച്ചിരുന്ന ടഗ് ബോട്ടിൽ നിന്നും വേർപെട്ട്, വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിലുള്ള റാപ്പിഡ്‌സിൽ കുടുങ്ങിയത്. അന്ന് ഇതിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. അതിനുശേഷം 100 വർഷത്തോളം ഈ പേടകം ഒരേ സ്ഥാനത്ത് ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ 2019-ലെ കനത്ത കൊടുങ്കാറ്റിൽ ഇത് 50 മീറ്ററിലധികം ദൂരത്തേക്ക് നീങ്ങി വെള്ളച്ചാട്ടത്തോട് കൂടുതൽ അടുത്തു.
ഏറ്റവും പുതിയ വിവരമനുസരിച്ച്, സ്കൗവിന്റെ മുൻഭാഗം അടർന്നുമാറി ഏകദേശം 10 അടി (ഏകദേശം 3 മീറ്റർ) ദൂരത്തേക്ക് കൂടി നദിയിലൂടെ ഒഴുകി ഒരു പാറക്കെട്ടിൽ ഉറച്ചു. 2019-ന് ശേഷവും 2022-ൽ ഐസ് രൂപപ്പെട്ടതിനെ തുടർന്നുള്ള മാറ്റങ്ങളിലും ഈ കപ്പലിന്റെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. കാലക്രമേണ കപ്പൽ ഭാഗങ്ങൾ ദ്രവിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കപ്പൽ ഭാഗം നീങ്ങിയതിൽ പൊതുജനങ്ങൾക്ക് സുരക്ഷാ ആശങ്കകളൊന്നും നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ചെറിയ കഷണങ്ങൾ അടർന്ന് ഒഴുകിപ്പോകാൻ സാധ്യതയുണ്ടെങ്കിലും, അത് കനത്ത ഭീഷണിയുണ്ടാക്കില്ല. നയാഗ്രയുടെ പ്രകൃതിദത്ത ശക്തിയുടെയും മനുഷ്യൻ്റെ അതിജീവനത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്ന ഈ ചരിത്രശേഷിപ്പ് നയാഗ്ര പാർക്സ് അധികൃതർ നിരന്തരം നിരീക്ഷിച്ച് വരികയാണ്.
why-did-the-1918-iron-scow-move-closer-to-niagara-falls-again
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



