പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് വേദനാജനകമാണ്. ആ ദുഃഖത്തിനിടയിൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ആ വേദനയുടെ ആഴം കൂട്ടും. “എന്റെ മാതാപിതാക്കളുടെ ക്രെഡിറ്റ് കാർഡ് കടം എനിക്ക് വീട്ടേണ്ടി വരുമോ?” അല്ലെങ്കിൽ “എന്റെ പങ്കാളിയുടെ ലോൺ എന്റെ ഉത്തരവാദിത്തമാകുമോ?” എന്നൊക്കെയുള്ള ചോദ്യങ്ങൾ സാധാരണമാണ്. ഒരാളുടെ മരണശേഷം കടബാധ്യതകൾക്ക് എന്ത് സംഭവിക്കുമെന്നും അത് എങ്ങനെ കുടുംബത്തെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധൻ ക്രിസ്റ്റഫർ ലിയു വിശദീകരിക്കുന്നു.
കാനഡയിൽ, ഒരാളുടെ മരണം സംഭവിച്ചാൽ കടങ്ങൾ യാന്ത്രികമായി കുടുംബാംഗങ്ങളിലേക്ക് കൈമാറില്ല. കടങ്ങൾ അപ്രത്യക്ഷമാകുന്നില്ലെങ്കിലും, അത് ഉടൻ തന്നെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമായി മാറില്ല. പകരം, അത് മരിച്ചയാളുടെ എസ്റ്റേറ്റിൽ നിന്ന് തീർപ്പാക്കും. കൂടെ ഒപ്പിട്ട വായ്പകൾക്കും ജോയിന്റ് അക്കൗണ്ടുകൾക്കും ചില അപവാദങ്ങളുണ്ടെങ്കിലും, ഈ പ്രക്രിയ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയുന്നത് സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.
മരണശേഷം, വിൽപ്പത്രത്തിൽ പേരുള്ള ഒരു എക്സിക്യൂട്ടർ (വിൽപ്പത്രം ഇല്ലെങ്കിൽ കോടതി നിയോഗിക്കുന്നയാൾ) കടങ്ങൾ തീർക്കുന്നതിനും സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിയാണ്. ഇവർ മരിച്ചയാളുടെ സ്വത്തുക്കൾ ശേഖരിക്കുകയും, പ്രവിശ്യാ നിയമങ്ങൾ അനുസരിച്ച് കടങ്ങൾ തീർക്കുകയും, ശേഷിക്കുന്നവ അവകാശികൾക്ക് വിതരണം ചെയ്യുകയും ചെയ്യും.
മരിച്ച വ്യക്തിയുടെ എസ്റ്റേറ്റിൽ നിന്നാണ് കുടിശ്ശികയുള്ള കടങ്ങൾ സാധാരണയായി തീർപ്പാക്കുന്നത്. പണവും, സ്വത്തും, മറ്റ് ആസ്തികളും ഇതിൽ ഉൾപ്പെടുന്നു. അവകാശികൾക്ക് എന്തെങ്കിലും വിതരണം ചെയ്യുന്നതിനുമുൻപ്, ഈ ആസ്തികൾ ഉപയോഗിച്ച് കടങ്ങൾ വീട്ടുന്നു. എസ്റ്റേറ്റിൽ കടം വീട്ടാൻ ആവശ്യമായ പണമില്ലെങ്കിൽ, ബാക്കിയുള്ള തുക എഴുതിത്തള്ളുകയാണ് പതിവ്.
എന്നിരുന്നാലും, ചില അപവാദങ്ങളുമുണ്ട്. കൂടെ ഒപ്പിട്ട വായ്പകളോ, സംയുക്ത അക്കൗണ്ടുകളോ ഉണ്ടെങ്കിൽ, അത് നിയമപരമായി ബാധ്യതയായി തുടരും. അതായത്, ഒരു പങ്കാളിയോ, കുട്ടിയോ, മറ്റ് ബന്ധുക്കളോ അക്കൗണ്ടിൽ നിയമപരമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് തുടർന്നും പണമടയ്‌ക്കേണ്ടി വരും.
വിവിധ തരം കടങ്ങളും അതിൻ്റെ പരിഹാരങ്ങളും
എല്ലാ കടങ്ങളെയും മരണശേഷം ഒരേപോലെയായി കണക്കാക്കാറില്ല. കടത്തിന്റെ തരം, അത് സുരക്ഷിതമാണോ അല്ലയോ, അല്ലെങ്കിൽ അതിന് നിയമപരമായി മറ്റൊരാൾക്ക് ബാധ്യതയുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും അത് കൈകാര്യം ചെയ്യുന്നത്. സാധാരണയായി കടബാധ്യതകൾക്ക് എന്ത് സംഭവിക്കുമെന്ന് താഴെക്കൊടുക്കുന്നു.
മോർട്ട്ഗേജ്: മരിച്ചയാൾക്ക് ഒരു മോർട്ട്ഗേജ് ഉണ്ടെങ്കിൽ, അത് എസ്റ്റേറ്റിന്റെ ബാധ്യതയാകും. പങ്കാളിക്കോ, കൂടെ ഒപ്പിട്ട ആൾക്കോ സാധാരണയായി തുടർന്നും പണമടയ്‌ക്കേണ്ടി വരും. വീട് മരിച്ചയാളുടെ പേരിൽ മാത്രമാണെങ്കിൽ എസ്റ്റേറ്റ് കടം വീട്ടാൻ വീട് വിൽക്കാൻ സാധ്യതയുണ്ട്. ചില ലൈഫ് ഇൻഷുറൻസ് അല്ലെങ്കിൽ മോർട്ട്ഗേജ് പോളിസികൾക്ക് ബാക്കിയുള്ള തുകയുടെ കുറച്ച് ഭാഗമോ അല്ലെങ്കിൽ മുഴുവൻ തുകയോ അടയ്ക്കാൻ സാധിക്കും.
ക്രെഡിറ്റ് കാർഡ്: ഇൻഹെറിറ്റൻസ് വിതരണം ചെയ്യുന്നതിനു മുൻപ് എസ്റ്റേറ്റിൽ നിന്ന് ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കും. എസ്റ്റേറ്റിൽ ആവശ്യത്തിന് പണമില്ലെങ്കിൽ കടം എഴുതിത്തള്ളും. എന്നാൽ, ജോയിന്റ് അക്കൗണ്ടുകളിൽ ഉള്ളവർക്ക് മുഴുവൻ തുകയും നൽകാൻ ബാധ്യതയുണ്ട്.
വാഹനം, വ്യക്തിഗത വായ്പകൾ: ഓട്ടോ ലോൺ പോലെയുള്ള സുരക്ഷിത വായ്പകളിൽ, തിരിച്ചടവ് നിർത്തിയാൽ വാഹനം തിരിച്ചെടുക്കാൻ വായ്പ നൽകിയവർക്ക് അവകാശമുണ്ട്. കൂടെ ഒപ്പിട്ട ആൾക്ക് മുഴുവൻ തുകയും നൽകേണ്ട ബാധ്യതയുണ്ട്.
വിദ്യാഭ്യാസ വായ്പകൾ: ഫെഡറൽ, പ്രൊവിൻഷ്യൽ വിദ്യാഭ്യാസ വായ്പകൾ സാധാരണയായി എഴുതിത്തള്ളും. എന്നാൽ സ്വകാര്യ വിദ്യാഭ്യാസ വായ്പകൾ എസ്റ്റേറ്റിൽ നിന്ന് അല്ലെങ്കിൽ കൂടെ ഒപ്പിട്ട ആൾ ഉണ്ടെങ്കിൽ അയാൾ തിരിച്ചടയ്ക്കണം.
ജോയിന്റ് അക്കൗണ്ടുകൾ, കൂടെ ഒപ്പിട്ട ലോണുകൾ: കൂടെ ഒപ്പിട്ട ലോണുകളുടെ മുഴുവൻ തുകയും നൽകാൻ മരിച്ചയാളുടെ പങ്കാളിക്ക് ബാധ്യതയുണ്ട്.
മരണശേഷമുള്ള സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ
മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ചില കാര്യങ്ങൾ മുൻകൂട്ടി ചെയ്യുന്നത് സഹായകമാകും.
വിൽപ്പത്രം: സാധുതയുള്ളതും പുതിയതുമായ ഒരു വിൽപ്പത്രം തയ്യാറാക്കുന്നത് കുടുംബാംഗങ്ങൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും.
എക്സിക്യൂട്ടറെ നിയമിക്കുക: ഒരു എക്സിക്യൂട്ടറെ നിയമിക്കുന്നത് തീരുമാനങ്ങൾ വേഗത്തിലാക്കാനും നിയമപരമായ ചെലവുകൾ ഒഴിവാക്കാനും സഹായിക്കും.
ലൈഫ് ഇൻഷുറൻസ്: മോർട്ട്ഗേജ്, വ്യക്തിഗത വായ്പകൾ തുടങ്ങിയ കടങ്ങൾ തീർക്കുന്നതിന് ലൈഫ് ഇൻഷുറൻസ് പോളിസികൾ സഹായിക്കും.
വിവരങ്ങൾ പങ്കിടുക: നിങ്ങളുടെ അക്കൗണ്ടുകളുടെ വിവരങ്ങളും പണമടയ്ക്കാനുള്ള വിവരങ്ങളും വിശ്വസ്ഥരായ കുടുംബാംഗങ്ങളുമായി പങ്കിടുന്നത് കാര്യങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കും.
മരണം എന്ന വിഷയം ആർക്കും അത്ര സന്തോഷം നൽകുന്ന ഒന്നല്ല. എന്നിരുന്നാലും, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തെ അത് എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. വിൽപ്പത്രം തയ്യാറാക്കുന്നതും കടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കുന്നതും അവർക്ക് സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും.



