ലോകമെമ്പാടുമുള്ള വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് കഴിഞ്ഞ ദിവസം ചാറ്റുകൾ സ്‌ക്രോൾ ചെയ്യാനാവാത്ത പ്രശ്നം നേരിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ പരാതികളുടെ പ്രവാഹമുണ്ടായി. പ്രത്യേകിച്ചും തൊഴിലിടങ്ങളിൽ ഈ ബഗ് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. മൗസോ ടച്ച്പാഡോ ഉപയോഗിച്ച് മുകളിലേക്കും താഴേക്കും സ്ക്രോൾ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പരാതിപ്പെട്ടു.
ചില ഉപയോക്താക്കളുടെ നിരീക്ഷണത്തിൽ, ചാറ്റിലെ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ തുറക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. പേജ് റിഫ്രഷ് ചെയ്യുമ്പോൾ താൽക്കാലികമായി പ്രശ്നം പരിഹരിക്കപ്പെടുമെങ്കിലും, വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നതായി ഉപയോക്താക്കൾ പറയുന്നു. അതുകൊണ്ട് തന്നെ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടുന്നതുവരെ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ചിലർ നിർദ്ദേശിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പിൽ ഇങ്ങനെയൊരു പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷാവസാനം റെഡ്ഡിറ്റിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. അന്ന് ചാറ്റ് ഫ്രീസിംഗും, സ്ക്രോൾ ജമ്പിംഗും സംഭവിച്ചിരുന്നതായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. അപ്രതീക്ഷിതമായി നേരിട്ട ഈ പ്രശ്നം കാരണം ഉപഭോക്താക്കൾ വലഞ്ഞെങ്കിലും വാട്‌സ്ആപ്പ് ഉടമകളായ മെറ്റ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ഏപ്രിലിൽ സമാനമായ മറ്റൊരു പ്രശ്നം വാട്‌സ്ആപ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പലർക്കും സന്ദേശങ്ങൾ അയയ്ക്കാൻ സാധിച്ചിരുന്നില്ല. 460-ഓളം പേർ അന്ന് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തപ്പോൾ, അതിൽ 81 ശതമാനവും സന്ദേശങ്ങൾ ഡെലിവറി ആകുന്നില്ലെന്ന പരാതിയായിരുന്നു. അതിനുമുമ്പ് ഫെബ്രുവരി 28-ന് അയ്യായിരത്തിലധികം പേരാണ് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത്.
ലോകത്ത് മൂന്ന് ബില്യണിലധികം ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഇതിൽ 530 മില്യൺ ഉപയോക്താക്കളും ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ചെറിയൊരു സാങ്കേതിക പ്രശ്നം പോലും വലിയ വാർത്തയായി മാറാറുണ്ട്. നിലവിൽ ഈ സ്ക്രോളിങ് പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ മെറ്റയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



