വാങ്കൂവർ: ബ്രിട്ടീഷ് കൊളംബിയയിലുണ്ടായ ദാരുണമായ വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജിലെ സ്കൂളിൽ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റു. വെടിയുതിർത്ത ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. വാങ്കൂവറിൽ നിന്ന് ഏകദേശം 667 കിലോമീറ്റർ അകലെയുള്ള മലയോര മേഖലയിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
കാനഡയിൽ തോക്ക് ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഇത്തരമൊരു ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെഡറൽ നിയമപ്രകാരം തോക്കുകൾ പൂട്ടിയ നിലയിലും ലോഡ് ചെയ്യാത്ത അവസ്ഥയിലും മാത്രമേ സൂക്ഷിക്കാവൂ എന്നാണ് ചട്ടം. 2021-ലെ കണക്കുകൾ പ്രകാരം കാനഡയിലെ പ്രായപൂർത്തിയായവരിൽ 7.7 ശതമാനം പേർക്ക് (ഏകദേശം 22 ലക്ഷം ആളുകൾ) തോക്ക് ലൈസൻസുണ്ട്.
ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം മൂന്നര ലക്ഷത്തിലധികം ലൈസൻസുള്ള തോക്കുകളുണ്ടെന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) വ്യക്തമാക്കുന്നത്. എന്നാൽ നിയമവിരുദ്ധമായി തോക്കുകൾ കൈവശം വെക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലാകാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ കാനഡയിൽ വെടിവെപ്പ് കേസുകൾ കുറവാണെങ്കിലും സമീപകാലത്തുണ്ടായ സംഭവങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
2020-ൽ നോവ സ്കോഷ്യയയിൽ 22 പേർ കൊല്ലപ്പെട്ടതാണ് ഇതിനുമുമ്പ് രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടക്കൊല. 1989-ൽ മോൺട്രിയൽ സർവ്വകലാശാലയിലുണ്ടായ വെടിവെപ്പിന് ശേഷം രാജ്യം പലപ്പോഴായി നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ, നിലവിലുള്ള തോക്ക് നിയന്ത്രണ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം കാനഡയിൽ വീണ്ടും ഉയരുകയാണ്. അക്രമങ്ങളൊഴിവാക്കാൻ സർക്കാർ നടപ്പിലാക്കി വരുന്ന ‘ഗൺ ബൈ-ബാക്ക്’ പദ്ധതികൾ വേണ്ടത്ര വിജയിക്കുന്നില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.
What are Canada’s gun ownership laws?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



