പാലക്കാട്: തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ, നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടിക്കെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി രംഗത്ത്. തന്റെ രാഷ്ട്രീയ യോഗ്യതയെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയെന്ന നിലയിലാണ് പിഷാരടിയുടെ പേര് പരാമർശിച്ചതെന്ന് അഖിൽ മാരാർ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ അർഹതയെക്കുറിച്ച് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഉയർന്ന പരിഹാസങ്ങൾക്കുള്ള മറുപടിയായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നുമുള്ളവർ സ്ഥാനാർത്ഥികളാകുന്ന സാഹചര്യത്തിൽ, ബിഗ് ബോസ് വിജയി എന്ന നിലയിൽ തന്റെ യോഗ്യത ചോദ്യം ചെയ്തവർ, എന്തുകൊണ്ടാണ് പിഷാരടിയുടെ കാര്യത്തിൽ ഇതേ ചോദ്യം ഉന്നയിക്കാത്തത് എന്ന അർത്ഥത്തിലാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അഖിൽ മാരാരുടെ പ്രസ്താവനകളോട് രമേഷ് പിഷാരടി നേരത്തെ പ്രതികരിച്ചിരുന്നു. മാരാർ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അദ്ദേഹത്തെ ശ്രദ്ധിക്കാറില്ലെന്നും, ഓരോ ആഴ്ചയും നിലപാടുകൾ മാറ്റുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്നും പിഷാരടി പരിഹസിച്ചു. കുറച്ചു വർഷത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറുപടി നൽകാൻ സാധിക്കൂ എന്നും പിഷാരടി വ്യക്തമാക്കിയിരുന്നു.
നേരത്തെ ഫേസ്ബുക്കിലൂടെയും അഖിൽ മാരാർ പിഷാരടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പിഷാരടി രാഷ്ട്രീയത്തിൽ ഇറങ്ങിയത് ലാഭം മാത്രം ലക്ഷ്യമിട്ടാണെന്നും ജനകീയ വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നുമാണ് മാരാരുടെ ആരോപണം. എന്നാൽ മാരാർ തന്റെ പ്രസ്താവനകളിൽ മാറ്റം വരുത്തിയതോടെ, പിഷാരടി മുൻപ് സൂചിപ്പിച്ചതുപോലെ അദ്ദേഹം ‘യു-ടേൺ’ അടിക്കുകയാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Answer to those who asked about qualifications'; What Akhil Marar has to say about mentioning Pisharody



