കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റ്, കഴിഞ്ഞ ദിവസം അവരുടെ ഇന്റേണൽ സംവിധാനങ്ങളും, മൊബൈൽ അപ്ലിക്കേഷനും ഒരു “Cybersecurity Incident” നേരിട്ടതായി അറിയിച്ചു. നിരവധി ഉപയോക്താക്കൾക്ക് വെസ്റ്റ്ജെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ “പ്രവേശനപരമായ നിയന്ത്രണങ്ങൾ” നേരിടേണ്ടി വന്നതായി കമ്പനി സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് വിമാന സർവീസുകളെയും, യാത്രക്കാരുടെ വിവരങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി ട്രാൻസ്‌പോർട് കാനഡയുമായും, നിയമപാലകരുമായും സഹകരിച്ച് പ്രത്യേക ആഭ്യന്തര സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചതായി വെസ്റ്റ്ജെറ്റ് അറിയിച്ചു. സേവനങ്ങൾ സുരക്ഷിതമായി പുനഃസ്ഥാപിക്കാനും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
സേവനങ്ങളിലുണ്ടായ തടസ്സങ്ങൾക്ക് ഉപഭോക്താക്കളോടും ജീവനക്കാരോടും വെസ്റ്റ്ജെറ്റ് ക്ഷമ ചോദിച്ചു. നിലവിൽ ഈ സൈബർ സുരക്ഷാ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെസ്റ്റ്ജെറ്റ് പുറത്തുവിട്ടിട്ടില്ല. എങ്കിലും, ലഭ്യമാകുന്ന മുറയ്ക്ക് വിവരങ്ങൾ പങ്കുവെക്കുമെന്നും, ജീവനക്കാരും സേവനങ്ങൾ ഉപയോഗിക്കുന്നവരും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നും കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ വ്യാപ്തി, എത്രപേരെ ബാധിച്ചു, ആരുടെയെങ്കിലും സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾവ്യക്തമല്ല. .



