കാൽഗറി: മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ, പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് പുതിയ ഇന്ധന സർചാർജ് പ്രഖ്യാപിക്കുകയും സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കമ്പനിയുടെ ‘Companion Voucher’ ഉപയോഗിച്ച് നടത്തുന്ന എല്ലാ ബുക്കിംഗുകൾക്കും ഏപ്രിൽ 8 മുതൽ താൽക്കാലികമായി 60 ഡോളർ ഇന്ധന സർചാർജ് ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. ബുക്കിംഗ് രേഖകളിലെ ‘Other ATC’ വിഭാഗത്തിലായിരിക്കും ഈ അധിക തുക ഉൾപ്പെടുത്തുകയെന്നും വിപണി സാഹചര്യങ്ങൾക്കനുസരിച്ച് വരുംദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകാമെന്നും കമ്പനി വ്യക്തമാക്കി.
കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി ഏപ്രിൽ, മേയ് മാസങ്ങളിലായി ആയിരത്തിലധികം സർവീസുകളാണ് റദ്ദാക്കുന്നത്. കമ്പനിയുടെ കണക്കനുസരിച്ച് ഏപ്രിലിൽ 406 സർവീസുകളും മേയ് മാസത്തിൽ ആയിരത്തോളം സർവീസുകളും റദ്ദാക്കാനാണ് തീരുമാനം. കുറഞ്ഞ ആവശ്യകതയുള്ള റൂട്ടുകളിൽ സർവീസുകൾ ഏകീകരിക്കാനുമാണ് കമ്പനിയുടെ നീക്കം. ഇന്ധനവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തനച്ചെലവ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വെസ്റ്റ്ജെറ്റ് വക്താവ് അറിയിച്ചു.
സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് ബാധിക്കുന്ന യാത്രക്കാർക്ക് അതേ ദിവസം തന്നെ പകരം യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. നിലവിൽ സ്ഥാപനപരമായ മാറ്റങ്ങളോ ജീവനക്കാരെ പിരിച്ചുവിടലോ പദ്ധതിയിലില്ലെന്നും വെസ്റ്റ് ജെറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിലെ ആവശ്യകതയും വിതരണവും മുൻനിർത്തി വരും മാസങ്ങളിലും വിമാന നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Fuel price hike: WestJet cuts services; ticket prices will increase




