വാൻകൂവർ: കണക്ടിംഗ് വിമാനത്തിനായി തിടുക്കത്തിൽ ഓടിയെത്തിയ ഒരു കുടുംബത്തിന് വിമാനം ഗേറ്റിൽ കിടക്കുമ്പോൾ തന്നെ യാത്ര നിഷേധിച്ച സംഭവത്തിൽ എയർലൈൻസ് കമ്പനിയായ വെസ്റ്റ്ജെറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ബ്രിട്ടീഷ് കൊളംബിയ ട്രൈബ്യൂണൽ ഉത്തരവിട്ടു. വിമാനം പുറപ്പെടാൻ 37 മിനിറ്റ് ബാക്കിയുണ്ടായിരുന്നിട്ടും കുടുംബത്തെ കയറ്റാൻ വിമാനക്കമ്പനി തയ്യാറായില്ല.
2024 ജനുവരിയിൽ ആദം ഗ്രീൻ, ഭാര്യ വനേസ ട്രെവോർസ്, അവരുടെ മൂന്ന് മക്കൾ എന്നിവർക്ക് ഫീനിക്സിൽ നിന്ന് കാൽഗറി വഴി കെലോനയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നു.
യാത്രയുടെ ആദ്യഘട്ടത്തിൽ ഫീനിക്സിലെ വിമാനം മൂന്ന് മണിക്കൂറോളം വൈകി. ഇതോടെ കാൽഗറിയിൽ ഇറങ്ങിയപ്പോൾ അടുത്ത വിമാനം പുറപ്പെടാൻ 37 മിനിറ്റ് മാത്രമാണ് അവശേഷിച്ചത്. എന്നാൽ, ഈ കുടുംബത്തെ അടുത്ത ദിവസത്തേക്ക് റീബുക്ക് ചെയ്തതായി വിമാനക്കമ്പനി അറിയിച്ചിരുന്നില്ലെന്ന് ട്രൈബ്യൂണൽ രേഖകൾ വ്യക്തമാക്കുന്നു. വെസ്റ്റ്ജെറ്റ് തങ്ങളെ വിവരങ്ങൾ അറിയിച്ചിട്ടില്ലെന്നും, അവർ അടുത്ത വിമാനം പിടിക്കാനായി കാൽഗറി വിമാനത്താവളത്തിലൂടെ തിടുക്കത്തിൽ ഓടിയെന്നും ട്രൈബ്യൂണൽ അംഗം അലിസ്സ റെയ്നോൾഡ്സ് ചൂണ്ടിക്കാട്ടി. സുരക്ഷാ പരിശോധനകളിൽ അവരുടെ ബോർഡിങ് പാസുകൾ സാധുവായിരുന്നു.
വിമാനം ബോർഡിങ് നടക്കുമ്പോഴാണ് അവർ ഗേറ്റിലെത്തിയത്. എങ്കിലും അവരെ കയറാൻ അനുവദിച്ചില്ല. ഇതോടെ 18 മണിക്കൂറും 10 മിനിറ്റും വൈകിയാണ് അവർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ സാധിച്ചത്. യാത്രക്കാരെ വിമാനത്തിൽ കയറ്റിയില്ലെന്ന് വെസ്റ്റ്ജെറ്റ് സമ്മതിച്ചു. എന്നാൽ, ആദ്യഘട്ടത്തിലുണ്ടായ കാലാവസ്ഥാ പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നും ഇത് തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണെന്നും എയർലൈൻ വാദിച്ചു. അതിനാൽ നഷ്ടപരിഹാരത്തിന് അർഹരല്ലെന്നും വെസ്റ്റ്ജെറ്റ് വാദിച്ചു.
എന്നാൽ, ട്രൈബ്യൂണൽ ഈ വാദം തള്ളി.
ആദ്യ വിമാനം വൈകിയതിന്റെ കാരണം വിഷയമല്ലെന്നും, കുടുംബം സമയത്തിന് കണക്ടിംഗ് വിമാനത്തിന്റെ ഗേറ്റിലെത്തിയിരുന്നുവെന്നും ട്രൈബ്യൂണൽ വിലയിരുത്തി. യാത്രക്കാർക്ക് യാത്ര നിഷേധിച്ച തീരുമാനം എയർലൈൻസിന്റെ നിയന്ത്രണത്തിലുള്ള കാര്യമാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. കുടുംബത്തിന് 37 മിനിറ്റ് ബാക്കിയുള്ളപ്പോൾ അടുത്ത വിമാനം റീബുക്ക് ചെയ്തതിന്റെ കാരണം വെസ്റ്റ്ജെറ്റ് വിശദീകരിക്കുന്നില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
കാനഡയിലെ എയർ പാസഞ്ചർ പ്രൊട്ടക്ഷൻ നിയമം അനുസരിച്ച്, വിമാനക്കമ്പനിയുടെ വീഴ്ച കാരണം ഒൻപത് മണിക്കൂറോ അതിലധികമോ യാത്ര വൈകിയാൽ ഓരോ യാത്രക്കാരനും 1000 ഡോളർ നഷ്ടപരിഹാരം നൽകണം. ഇതനുസരിച്ച് കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കും 1000 ഡോളർ വീതം ആകെ 5000 ഡോളർ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. കൂടാതെ, ഭക്ഷണത്തിനായി 112.70 ഡോളറും താമസസൗകര്യത്തിനായി 22.45 ഡോളറും ട്രൈബ്യൂണൽ ഫീസായ 187.49 ഡോളറും വെസ്റ്റ്ജെറ്റ് തിരികെ നൽകണം. ഇതോടെ ആകെ നഷ്ടപരിഹാരത്തുക 5,322.64 ഡോളറായി.



