ഏപ്രിൽ ഒന്നിന് കെലോനയ്ക്ക് സമീപം വെസ്റ്റ്സൈഡ് റോഡിലുണ്ടായ വലിയ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ഡ്രൈവറെ ഒകാനഗൻ തടാകത്തിന്റെ അടിത്തട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. Central Okanagan Search and Rescue (COSAR) ശനിയാഴ്ചയാണ് ഇത് സ്ഥിരീകരിച്ചത്. തടാകത്തിൽ ഏകദേശം 155 അടി താഴ്ചയിൽ പൂഴ്ന്നുപോയ നിലയിലായിരുന്നു വാഹനം.
മണ്ണിടിച്ചിലിൽ ആരെയും കാണാനില്ലെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ഡ്രൈവറുടേതെന്ന് വിശ്വസിക്കുന്ന ചില വസ്തുക്കൾ മണ്ണിടിച്ചിൽ മേഖലയിൽ നിന്ന് കണ്ടെത്തി. തുടർന്ന് വെസ്റ്റ് കെലോന RCMP തിരച്ചിൽ ആരംഭിച്ചു. അവശിഷ്ടങ്ങൾ നിറഞ്ഞതിനെ തുടർന്ന് കാഴ്ച പരിധി കുറവായിരുന്നെങ്കിലും രക്ഷാപ്രവർത്തകർ കരയിലും വെള്ളത്തിലും വ്യാപകമായ തിരച്ചിൽ നടത്തി.
അണക്കെട്ട് തകർന്ന് കുത്തിയൊലിച്ച വെള്ളം വലിയ മരങ്ങൾ കടപുഴകിവീഴ്ത്തി ചെളിയും മറ്റ് അവശിഷ്ടങ്ങളും താഴേക്ക് ഒഴുക്കിയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. ഏകദേശം 1,000 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനം RCMP അണ്ടർവാട്ടർ റിക്കവറി ടീം പൂർത്തിയാക്കി.



