ദില്ലി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വൈകുന്നേരം വീഡിയോ കോൺഫറൻസിംഗിലൂടെ ചേരുന്ന യോഗത്തിൽ പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച ഊർജ്ജ പ്രതിസന്ധി ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ചർച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്നതിനും സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതിനുമാണ് യോഗം മുൻഗണന നൽകുന്നത്.
ഇന്ധന ലഭ്യത, വളം വിതരണം, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയ്ക്കൊപ്പം വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. നിലവിലെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടിയ ശേഷം തീരുമാനമുണ്ടാകും. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും വിപണിയിലെ വിലനിലവാരം നിരീക്ഷിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയേക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അവിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. ഈ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിക്കും.

https://yfalanguageacademy.com
ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽപിജി ചാർജോ ഗ്യാസ് സർചാർജോ പ്രത്യേകമായി ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം അധിക ചെലവുകൾ ഭക്ഷണവിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും മെനുവിൽ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
West Asian conflict: PM calls meeting of Chief Ministers to discuss crises this evening
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


