നയഗ്ര: വെല്ലാൻഡിൽ പോലീസുകാരന് വെടിയേറ്റതിനെത്തുടർന്നുണ്ടായ 24 മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ പ്രതിയെ പിടികൂടി. 59 വയസ്സുകാരനായ ഡാനിയൽ ട്രോങ്കോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഇയാളെ പോലീസ് കീഴടക്കിയത്. നിലവിൽ പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ഒരു വീടിന്റെ മതിൽ സംബന്ധമായ തർക്കം പരിഹരിക്കാൻ എത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്കും പോലീസിനും നേരെയാണ് ആക്രമണം ഉണ്ടായത്. റോഡ് കാഴ്ചകൾ മറയ്ക്കുന്ന രീതിയിൽ നിർമ്മിച്ച മതിൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടയിൽ,സമീപത്തെ കെട്ടിടത്തിനുള്ളിൽ നിന്നും പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു. വെടിവെപ്പിനെത്തുടർന്ന് പ്രദേശം അതീവ സുരക്ഷാ വലയത്തിലായി.
സമീപവാസികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകുകയും പ്രദേശത്തെ സ്കൂളുകൾ അടപ്പിക്കുകയും ചെയ്തു. വെല്ലാൻഡ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്കായി താൽക്കാലിക താമസവും സൗകര്യവും ഒരുക്കിയിയിട്ടുണ്ട്.
പ്രതിയുമായി സംസാരിച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കാൻ പോലീസ് ചർച്ചകൾ നടത്തിയെങ്കിലും രാത്രി മുഴുവൻ സംഘർഷം തുടർന്നു. കെട്ടിടത്തിനുള്ളിലെ വിവരങ്ങൾ അറിയാൻ പോലീസ് അയച്ച റിമോട്ട് ക്യാമറകൾ പ്രതി വെടിവെച്ച് തകർക്കുകയും ചെയ്തു. പോലീസ് തിരിച്ചും വെടിയുതിർത്ത സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് വെടിവെപ്പിൽ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഹാമിൽട്ടൺ, ഹാൽട്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ പോലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥന് പിന്തുണ അറിയിച്ച ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, കുറ്റവാളിയെ പിടികൂടാൻ പരിശ്രമിച്ച പോലീസ് സേനയെ അഭിനന്ദിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Welland shooting: Suspect arrested after 24-hour standoff



