ഒട്ടാവയിലും സമീപ പ്രദേശങ്ങളിലും കനത്ത ഇടിമിന്നലിന് സാധ്യത. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും എൻവയോൺമെന്റ് കാനഡയുടെ മുന്നറിയിപ്പിൽ പറയുന്നു. 50 മില്ലിമീറ്ററിലധികം മഴ ലഭിച്ചേക്കും. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാനും കെട്ടിടങ്ങൾക്കും മരങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ ബേസ്മെന്റിലോ കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ മുറികളിലോ അഭയം തേടണമെന്നും ആലിപ്പഴ വീഴ്ചയിൽ നിന്നും ഇടിമിന്നലിൽ നിന്നും രക്ഷനേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് ഒട്ടാവയിലെ ഉയർന്ന താപനില 34°C ആയിരിക്കും. രാത്രിയിൽ 70 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്. കുറഞ്ഞ താപനില 22°C ആയിരിക്കും. വെള്ളിയാഴ്ച രാവിലെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചകഴിഞ്ഞ് തെളിഞ്ഞ കാലാവസ്ഥയിലേക്ക് മാറിയേക്കും. ഉയർന്ന താപനില 27°C ആയിരിക്കും. എന്നാൽ, ഹ്യുമിഡിറ്റി കാരണം 34°C പോലെ അനുഭവപ്പെടാം. ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥയും 26°C താപനിലയും പ്രതീക്ഷിക്കാം.
ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ കാലവസ്ഥയായിരിക്കും. തിങ്കളാഴ്ചയും സമാനമായി ഭാഗികമായ മേഘാവൃതമായ ആകാശവും 31°C ചൂടും പ്രതീക്ഷിക്കുന്നു. ഈ ദിവസം ഉയർന്ന താപനില 27°Cഉം കുറഞ്ഞ താപനില 16°C ആയിരിക്കും. ഈമാസം ഏഴാം തവണയാണ് താപനില 30°C എത്തുന്നത്. ജൂലൈ 16-ന് രേഖപ്പെടുത്തിയ 34.2°C ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന താപനില. 2024 ജൂലൈയിൽ രണ്ട് തവണയും, 2023 ജൂലൈയിൽ നാല് തവണയും 30°C മുകളിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
Weather alert in Ottawa; Thunderstorms and torrential rain along with extreme heat



