മദ്യപിക്കാത്തവർക്കായി പുതിയ ഒരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് യുകെയിലെ ചെഷയറിലുള്ള ഫ്രഞ്ച് റെസ്റ്റോറന്റായ ലാ പോപോട്ട്. ഭക്ഷണത്തോടൊപ്പം ഒരു വാട്ടർ മെനു എന്ന ആശയമാണ് റസ്റ്റോറൻറ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. മദ്യം കഴിക്കാത്തവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ഈ വാട്ടർമെനു. സാധാരണയായി ഇവിടങ്ങളിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണ മെനുവിനോടൊപ്പം കാണപ്പെടുന്ന വൈൻ ലിസ്റ്റിന് പകരമായി വാട്ടർ മെനു ആണ് ലാ പോപോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രീമിയം വെള്ളങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ മെനുവിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ബോട്ടിൽഡ് വെള്ളമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം ഇതിൽ ലഭ്യമാണ്. ഒരു കുപ്പി വെള്ളത്തിന് 6.80 ഡോളർ മുതൽ 26 ഡോളർ വരെയാണ് വില. മൂന്ന് തരം സ്റ്റിൽ വാട്ടറും നാല് തരം കാർബണേറ്റഡ് (സോഡ) വെള്ളവും ഇവിടെയുണ്ട്.
സാധാരണ ടാപ്പ് വെള്ളം സൗജന്യമായി ലഭിക്കും. വെള്ളത്തിലെ മിനറലുകളുടെ അളവാണ് അതിൻ്റെ രുചിക്ക് പ്രധാന കാരണം. ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ് (TDS) എന്നാണ് ഇതിനെ പറയുന്നതെന്ന് ബ്രിട്ടനിലെ പ്രശസ്ത വാട്ടർ സോമേലിയർ (ഭക്ഷണത്തിന് യോജിച്ച വെള്ളം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന വിദഗ്ദ്ധൻ) ആയ ഡോറാൻ ബിൻഡർ പറയുന്നു. ഉദാഹരണത്തിന്, ഇറ്റലിയിലെ ലോററ്റാന സ്പാർക്ലിംഗ് മിനറൽ വാട്ടറിന് 14 TDS ആണുള്ളത്. എന്നാൽ ഫ്രാൻസിലെ വിച്ചി സെലാസ്റ്റിൻസ് വെള്ളത്തിന് 3,300 TDS വരെയാണ്. സാധാരണ ശുദ്ധീകരിച്ച വെള്ളത്തിന് പൂജ്യം TDS ആയിരിക്കും. അത് കുടിക്കാൻ നല്ലതല്ലെന്നും ജനലിന്റെ ഗ്ലാസ് തുടയ്ക്കുന്നതിനും കാർ ബാറ്ററിയിൽ ഒഴിക്കുന്നതിനും മറ്റുമൊക്കെയാണ് അത് നല്ലതെന്നും ബിൻഡർ വിശദീകരിക്കുന്നു.

മൂന്ന് വർഷം മുൻപ് ബിൻഡർ ഈ ആശയം പറഞ്ഞപ്പോൾ ലാ പോപോട്ട് റെസ്റ്റോറന്റ് ഉടമകൾ അത് ചിരിച്ചു തള്ളിയിരുന്നു. എന്നാൽ, പിന്നീട് ബിൻഡറിൻ്റെ ‘വാട്ടർ ബാറി’ൽ പോയി പലതരം വെള്ളങ്ങൾ രുചിച്ചപ്പോൾ അവർക്ക് കാര്യം മനസ്സിലായി. പലതരം വെള്ളത്തിനനുസരിച്ച് ചീസ്, ചോക്കലേറ്റ്, ഇറച്ചി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ രുചി മാറുന്നത് അവർ നേരിട്ടറിഞ്ഞു. ‘അത്ഭുതകരമായിരുന്നു ആ അനുഭവംമെന്നാണ് ഉടമകളിൽ ഒരാളായ ജോസഫ് റോളിൻസ് പറയുന്നത്.
മദ്യം കഴിക്കാത്ത ആളുകൾക്കും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർക്കും ഒരു പുതിയ അനുഭവം നൽകുന്നതിനാണ് ഈ സംരംഭം. വൈൻ വിളമ്പുന്നതുപോലെ വെള്ളവും റൂം താപനിലയിൽ ഐസും ചെറുനാരങ്ങയുടെ കഷണവും ചേർത്ത് ഗ്ലാസ്സുകളിൽ വിളമ്പും. മദ്യപാനം ശീലമില്ലാത്ത ആളുകൾക്ക് ഭക്ഷണം കഴിക്കുമ്പോൾ രുചികരമായ ഒരു പാനീയം തിരഞ്ഞെടുക്കാനുള്ള അവസരമാണിതെന്ന് ഡോറാൻ ബിൻഡർ പറയുന്നു. കൂടാതെ, ഇത് റെസ്റ്റോറൻ്റുകൾക്ക് പുതിയ വരുമാനം നേടാനുള്ള ഒരു വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് പുതിയൊരു ഭക്ഷണ സംസ്കാരത്തിന് തുടക്കം കുറിക്കുന്ന ആശയം എന്ന വിശേഷണമാണ് ഇപ്പോൾ പലരും വാട്ടർ മെനുവിന് നൽകുന്നത്.
'Water lap' is now healthy; 'Water menu' at UK restaurant with new trend



