തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും സൈബർ ആക്രമണങ്ങളിലും പ്രതികരിച്ച് അതിജീവിത. അക്രമം നടന്നപ്പോൾ പോലീസിൽ പരാതിപ്പെട്ടതും നിയമനടപടികളുമായി മുന്നോട്ട് പോയതുമാണോ താൻ ചെയ്ത തെറ്റെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.
സംഭവിച്ചതെല്ലാം വിധിയാണെന്ന് കരുതി ആരോടും പറയാതെ മിണ്ടാതിരിക്കണമായിരുന്നു എന്നാണ് പലരുടെയും വിമർശനങ്ങൾ സൂചിപ്പിക്കുന്നത്. അന്ന് പരാതിപ്പെടാതെ ഇരിക്കുകയും പിന്നീട് എപ്പോഴെങ്കിലും ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്യുമ്പോൾ, എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ചോദിക്കുന്നവരോട് മറുപടി പറയാനാകാതെ ആത്മഹത്യ ചെയ്യണമായിരുന്നു എന്നാണോ ഇവർ ആഗ്രഹിക്കുന്നതെന്നും നടി കുറിപ്പിലൂടെ ചോദിക്കുന്നു.
കേസിലെ രണ്ടാം പ്രതി ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നതിന് മുൻപ് നടത്തിയ പരാമർശങ്ങളെയും നടി രൂക്ഷമായി വിമർശിച്ചു. ക്രൂരതകൾ പറയുന്നവരും അത് പ്രചരിപ്പിക്കുന്നവരും സ്വന്തം കുടുംബാംഗങ്ങൾക്ക് ഇത്തരമൊരു അവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കണമെന്നും താരം ഓർമ്മിപ്പിച്ചു. വിചാരണ വേളയിൽ താൻ അനുഭവിച്ച മാനസിക വിഷമങ്ങളും കോടതി നടപടികളിലെ അതൃപ്തിയും താരം കുറിപ്പിൽ അക്കമിട്ട് നിരത്തുന്നുണ്ട്.
കോടതി കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി തുറന്ന് പരിശോധിക്കപ്പെട്ടത് തന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നടി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി ഇടപെടലിന് ശേഷമാണ് തനിക്ക് ലഭിച്ചത്. കേസ് പരിഗണിച്ചിരുന്ന രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് പറഞ്ഞ് രാജിവെച്ചതും വിചാരണാ കോടതി മാറ്റണമെന്ന തന്റെ ആവശ്യത്തെ പ്രതിഭാഗം എതിർത്തതും സംശയങ്ങൾ വർധിപ്പിച്ചതായും താരം പറയുന്നു.
വിചാരണ നടപടികൾ ഓപ്പൺ കോടതിയിൽ പരസ്യമായി നടത്തണമെന്ന തന്റെ ആവശ്യം നിഷേധിക്കപ്പെട്ടതായും താരം വ്യക്തമാക്കി. ഒന്നാം പ്രതി തന്റെ ഡ്രൈവർ ആയിരുന്നു എന്ന പ്രചാരണം ശുദ്ധനുണയാണെന്നും തനിക്ക് അയാളുമായി യാതൊരു പരിചയവുമില്ലെന്നും താരം ആവർത്തിച്ചു. തന്റെ വേദനകളെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ കോടതി വിധിയെന്നും നടി കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Was it wrong to complain? Survivor's Instagram post against cyber attacks



