എഡ്മണ്ടൺ: എഡ്മണ്ടണിലെ ഒരു ഡേകെയറിൽ കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഇന്ത്യക്കാരനായ പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 32-കാരനായ ദിൽപ്രീത് ചൗളയ്‌ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇയാൾ രാജ്യം വിട്ടുപോയതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ഡേകെയറിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ലൈംഗികാതിക്രമം, ലൈംഗിക ചുവയോടെയുള്ള സംഭാഷണം, കുട്ടിയുമായി ശാരീരിക ബന്ധം സ്ഥാപിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
എഡ്മണ്ടണിലെ മിൽക്രീക്കിലെ 77 അവന്യുവിന് സമീപമുള്ള 83 സ്ട്രീറ്റിലെ വില്ലോബ്രെ അക്കാദമിയിൽ ജനുവരിക്കും മേയ് മാസത്തിനും ഇടയിലാണ് ഈ സംഭവം നടന്നത്. നാല് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള 17 കുട്ടികൾ പഠിക്കുന്ന ക്ലാസിലെ അധ്യാപകനായിരുന്നു പ്രതി. ഈ വിഷയത്തിൽ ആൽബർട്ട വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമാണെന്ന് പോലീസ് വ്യക്തമാക്കി.
അതിക്രമത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കൾക്ക് ലഭിച്ച വിവരമനുസരിച്ച് പ്രതി കാനഡ വിട്ടുപോയതായി പോലീസ് സൂചന നൽകിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Edmonton daycare abuse: Warrant issued for Indian suspect, suspected of leaving the country



