ടെക്സാസിലെ സാൻ അന്റോണിയോയിൽ നിന്നുള്ള ഈ കാഴ്ച കൗതുകവും ആശങ്കയും ഒരുപോലെ ഉണർത്തുന്നതാണ്. മെക്കാനിക്കൽ നായയെ ചങ്ങലയിൽ കെട്ടി മാളിലൂടെ കൊണ്ടുപോകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. San Antonio Lifestyle TikTok പേജാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ടെക്സസിലെ സാൻ അന്റോണിയോയിലെ റിവർസെന്റർ മാളിലാണ് സംഭവം. ഒരു വ്യക്തി ഒരു നായയെപ്പോലെയുള്ള റോബോട്ടിനെ സാധാരണഗതിയിൽ കടകളുടെ മുന്നിലൂടെ കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം.
ഇത് കണ്ട ഷോപ്പർമാർ അമ്പരന്ന് നോക്കിനിൽക്കുന്നതും ക്യാമറയ്ക്ക് പിന്നിലുള്ള ടിക് ടോക്കർ റോബോട്ടിക് വളർത്തുമൃഗം വിചിത്രമായി മാളിലൂടെ നീങ്ങുന്നത് കണ്ടുള്ള ഞെട്ടൽ പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളിൽ റോബോട്ട് നായ പെട്ടെന്ന് നിൽക്കുകയും, വീണ്ടും മുന്നോട്ട് പായുകയും ചെയ്യുന്നുണ്ട്.
മെഷീൻ നായ ഒറിജിനൽ നായയുടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും വീഡിയേയിൽ കാണാം. ഇത് യഥാർത്ഥ ജീവിതത്തിലെ പെരുമാറ്റം അനുകരിക്കാൻ രൂപകൽപ്പന ചെയ്ത AI പ്രോഗ്രാമിംഗിന്റെ ഭാഗമായിരിക്കാം. ഈ വിചിത്രമായ കാഴ്ച ഓൺലൈനിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃത്യമായ മോഡൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പലരും ഇത് Unitree Go2-നോട് സാമ്യമുള്ളതാണെന്ന് വിശ്വസിക്കുന്നു. ഇത് വേഗതയ്ക്കും AI കഴിവുകൾക്കും പേരുകേട്ട ഒരു മിനുസമാർന്ന, നാല് കാലുകളുള്ള റോബോട്ടാണ്.
ഡെവലപ്പർമാർ പറയുന്നതനുസരിച്ച്, ഈ റോബോട്ടിന് ഇരിക്കുക, കൈ കുലുക്കുക, ചാടുക, കുതിക്കുക തുടങ്ങിയ നായയെപ്പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്നാണ്. അടിസ്ഥാന മോഡലിന് ഏകദേശം 2,800 ഡോളർ ആണ് ഇതിന്റെ വില.



