മാനിറ്റോബ: പ്രവിശ്യയിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനവുമായി എൻഡിപി സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുമ്പോൾ, എംആർഐ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയം റെക്കോർഡ് നിലയിലെത്തിയതായി റിപ്പോർട്ട്. 2023-ൽ 20 ആഴ്ചയായിരുന്ന വാർഷിക ശരാശരി കാത്തിരിപ്പ് സമയം 2025-ൽ 26 ആഴ്ചയായി വർധിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ നികിത ലിൻഡൻബെർഗ് ഈ പ്രതിസന്ധിക്ക് ഇരയായ ഒരാളാണ്.
കഴിഞ്ഞ ഡിസംബറിൽ വളർത്തുനായയുമായി കളിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ ലിൻഡൻബെർഗ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി. എക്സ്-റേയിൽ പ്രശ്നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് എംആർഐ എടുക്കാൻ ഡോക്ടർമാർ തയ്യാറായില്ല. എംആർഐ ഫലം വരുമ്പോഴേക്കും മുറിവ് തനിയെ ഭേദമാകുമെന്നായിരുന്നു അധികൃതരുടെ നിലപാട്. തുടർ ചികിത്സകൾക്കായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ അവർക്ക് ലഭിച്ചത് 2026 മാർച്ചിലേക്കുള്ള എംആർഐ തീയതിയാണ്.
പരിക്കേറ്റ് ഒരു വർഷത്തിന് ശേഷമാണ് പരിശോധന നടത്തുന്നതെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലിൻഡൻബെർഗ് പറഞ്ഞു. ശരിയായ ചികിത്സ ലഭിക്കാതെ വന്നാൽ ഭാവിയിൽ ഇത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുമോ എന്ന ആശങ്കയിലാണ് താനെന്നും അവർ വ്യക്തമാക്കി. കാലപ്പഴക്കമുള്ള എംആർഐ യന്ത്രങ്ങൾ, ഉയർന്ന ജോലിഭാരം കാരണം ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദം, സാങ്കേതിക വിദഗ്ധരുടെ കുറവ് തുടങ്ങിയവയാണ് ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണങ്ങളായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ മനിറ്റോബയിൽ 115 എംആർഐ ടെക്നോളജിസ്റ്റുകളാണ് ഉള്ളത്. 2022-ൽ ഇത് 120 ആയിരുന്നു. വിരമിക്കലും ഉയർന്ന ജോലിഭാരം മൂലമുള്ള കൊഴിഞ്ഞുപോക്കും ടെക്നോളജിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. മനിറ്റോബയിൽ റെഡ് റിവർ കോളേജ് പോളിടെക് മാത്രമാണ് ഈ കോഴ്സ് നൽകുന്നത്. 8.5 മാസം നീളുന്ന ഈ കോഴ്സ് ചെയ്യുന്നതിന് ഒരു വർഷം 10 വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം ലഭിക്കുന്നത്.
കൂടുതൽ എംആർഐ യന്ത്രങ്ങൾ സ്ഥാപിക്കാനും സാങ്കേതിക വിദഗ്ധരുടെ എണ്ണം വർദ്ധിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നതായി മനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര പറഞ്ഞു. നിലവിൽ പ്രവിശ്യയിൽ 14 എംആർഐ യന്ത്രങ്ങളും ജൂണിൽ ഒരു മൊബൈൽ എംആർഐ സേവനവും ആരംഭിച്ചിട്ടുണ്ട്. റെഡ് റിവർ കോളേജുമായി സഹകരിച്ച് വിദഗ്ധരെ പരിശീലിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ തങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്നാണ് ലിൻഡൻബെർഗിനെ പോലുള്ള രോഗികളുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



