വിഎസ് എന്ന രണ്ടക്ഷരം കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ചുരുക്കപ്പേര് കൂടിയാണ്. മലയാളി കടന്നുവന്ന ഒട്ടുമിക്ക മുന്നേറ്റങ്ങളിലും സമരങ്ങളിലും വിവാദങ്ങളിലുമെല്ലാം ആ രണ്ടക്ഷരം നീട്ടിയും കുറുക്കിയും നിലകൊണ്ടു. നിലപാടിലെ കാർക്കശ്യവും, അനീതിക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങളും എന്നും വിഎസ്സിനൊപ്പമുണ്ടായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളമുള്ള കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. പിന്നീട് മതികെട്ടാനും, പ്ലാച്ചിമടയും, മൂന്നാറുമെല്ലാം അയാളെ മലയാളികളുടെ മനസ്സിൽ പിടിച്ചുനിർത്തി.
എട്ട് പതിറ്റാണ്ട് നീണ്ട വിഎസ്സിന്റെ രാഷ്ട്രീയ ജീവിതത്തെ സമരം തന്നെ ജീവിതമെന്ന് അടയാളപ്പെടുത്താം. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ഒരു ജനതയുടെ കണ്ണും കരളുമായത് അയാൾ ആ ജനതയ്ക്ക് വേണ്ടി നയിച്ച പോരാട്ടങ്ങളിലൂടെയാണ്. കേരള രാഷ്ട്രീയം കണ്ട ഐതിഹാസിക സമരങ്ങളിൽ ഒട്ടുമിക്കതിലും വിഎസ്സിന്റെ പേരെഴുതിച്ചേർക്കാതെ വയ്യ.
രാജവാഴ്ചക്കും ദിവാൻ ഭരണത്തിനും ജന്മിവാഴ്ചയ്ക്കുമെതിയായിരുന്നു വിഎസ്സിന്റെ ആദ്യകാല പോരാട്ടം. തെക്കൻ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണായകമായ പുന്നപ്ര-വയലാർ പോരാട്ടത്തിലെ പ്രധാനിയായിരുന്നു വിഎസ്സും. ഐക്യ കേരളം പിറന്ന് ബാലറ്റിലൂടെ ലോകത്താദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയപ്പോൾ വിഎസ്സിന്റെ സമരശൈലികൾ മാറി. കമ്മ്യൂണിസ്റ്റുകാരനായി ജനങ്ങൾക്കിടയിലേക്ക് ആ ചെറുപ്പക്കാരൻ ഓടിയെത്തി. പിന്നീട് പാർട്ടിയിൽ ആശയസമരം ശക്തമായപ്പോൾ സി പി എം രൂപീകരണത്തിലെ നിർണായക സാന്നിധ്യമായി വിഎസ്സും മാറി. അങ്ങനെ പാർട്ടിക്കകത്തും പുറത്തുമുള്ള സമരങ്ങളെ വിഎസ്സ് ഉശിരോടെ നേരിട്ടു.
എൺപതുകളിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിലെ നിറസാന്നിധ്യമായിരുന്നു വിഎസ്സ്. പിന്നീടങ്ങോട്ട് പ്രസ്ഥാനത്തെ നയിക്കാനായിരുന്നു വിഎസ്സിന്റെ നിയോഗം. കാർക്കശ്യക്കാരനായ സെക്രട്ടറിയായി പാർട്ടിയെ മുന്നിൽ നയിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തി. ജനകീയ സമരങ്ങളിൽ നിന്ന് ഈ ഘട്ടത്തിൽ ഒരൽപ്പം മാറിനിന്നു. എന്നാൽ അക്കാലത്ത് പാർട്ടി നടത്തിയ സമരങ്ങളെല്ലാം വി എസിന്റെ സമരങ്ങൾ കൂടിയാണെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷികരുമുണ്ട്.
വി എസിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ സമരമായിരുന്നു കുട്ടനാട്ടിലെ വെട്ടിനിരത്തൽ. പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തിൽ പിന്നീട് നടന്ന സമരങ്ങളുടെയെല്ലാം നാഴികക്കല്ലായിരുന്നു ഇത്. കുട്ടനാട്ടിലെ നെൽവയലുകളുടെ സ്ഥാനത്ത് ടൂറിസ്റ്റ് ബംഗ്ലാവുകൾ ഉയർന്നുപൊങ്ങാൻ തുടങ്ങിയപ്പോളാണ് വിഎസ്സെത്തിയത്. വയലിൽ ഒരു നികത്തലും വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച വി എസ് പോരാട്ടം തുടങ്ങിയതോടെ കർഷകരും അണിനിരന്നു.
വി എസിന്റെ സമര ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടം ആരംഭിക്കുന്നത് 2001 ലാണ്. ആന്റണി സർക്കാരിനെ വിറപ്പിച്ച പ്രതിപക്ഷനേതാവിലുപരി അദ്ദേഹം ജനകീയനായ നേതാവുകൂടിയായി മാറുകയായിരുന്നു. കേരള ജനതയുടെ വികാരമായി മാറുന്ന പോരാട്ടങ്ങളിലേക്ക് അയാൾ ഓടിയെത്തി. മതികെട്ടാനിലെ ഭൂമി കൈയേറ്റവും പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നവും മറയൂരിലെ ചന്ദനക്കൊള്ളയും ഇടമലയാർ കേസും ഐസ്ക്രീം പാർലർ കേസും കിളിരൂറിലെ വി ഐ പിയും മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ആദ്യഘട്ട പരിശ്രമങ്ങളും കുടംകുളം നിലപാടുമെല്ലാം വി എസിന്റെ പ്രതിച്ഛായ പാർട്ടിക്കപ്പുറത്തേക്കുള്ള പുതിയ മാനങ്ങളിലെത്തിക്കുകയായിരുന്നു. രാജ്യശ്രദ്ധയാകർഷിച്ച കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തിൽ സി പി എം നിലപാടിനെ വെല്ലുവിളിച്ചായിരുന്നു വി എസ് യാത്ര തുടങ്ങിയത്.
പൊതുപ്രവർത്തനത്തിൻറെ അവസാനകാലത്തും ആ പോരാട്ടങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. പിണറായി സർക്കാരിനെതിരെ വിമർശനങ്ങളുയർത്തി അദ്ദേഹം പാർട്ടിക്കുള്ളിലെ പ്രതിപക്ഷമായി. കസ്റ്റഡിയിലെ മൂന്നാംമുറയും രാഷ്ട്രീയ കൊലപാതകവും മുതൽ പരിസ്ഥിതി വിഷയങ്ങളിലടക്കം എല്ലായിടത്തും പാർട്ടിക്കുള്ളിലെ തിരുത്തൽ ശക്തിയായി വിഎസ് മാറി. വാക്പ്രയോഗങ്ങളും ഇടപെടലും നിലപാടും സമരാവേശവും കൊണ്ട് കേരളത്തിന്റെ എക്കാലത്തെയും ക്ഷുഭിതയൗവ്വനം എന്ന് അക്ഷരംതെറ്റാതെ വി എസിനെ വിശേഷിപ്പിക്കാം.
VS Achuthanandan: Everyone’s favourite Comrade



