വിൻഡ്‌സറിലെ WFCU സെന്ററിൽ തീപിടുത്തം. അഗ്നിബാധ കാരണം ഇവിടെ നിന്ന് , ഫെഡറൽ തിരഞ്ഞെടുപ്പിനുള്ള വോട്ടർമാരെ മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശേഷം 8787 മക്‌ഹഗ് സ്ട്രീറ്റിലെ വിനോദ കേന്ദ്രത്തിൽ തീപടരുകയായിരുന്നു. മേൽക്കൂരയിലാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോർട്ട് . ഡാർഫീൽഡ് മുതൽ ഫ്ലോറൻസ് വരെയുള്ള മക്‌ഹഗ് സ്ട്രീറ്റ് പോലീസ് അടച്ചു. പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാൻ പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു.എല്ലാവരെയും ഒഴിപ്പിച്ചതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഫെഡറൽ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സ്ഥലമായതിനാൽ തിങ്കളാഴ്ച രാവിലെ നിരവധി താമസക്കാർ WFCU സെന്ററിൽ എത്തിയിരുന്നു. അപകടത്തിന് പിന്നാലെ 2425 ക്ലോവർ അവന്യൂവിലുള്ള സെന്റ് ജോസഫ്സ് കാത്തലിക് ഹൈസ്കൂളിലേക്ക് തങ്ങളെ മാറ്റിയതായി വോട്ടർമാർ പ്രതികരിച്ചു. തീപിടുത്തത്തെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വോട്ടർമാരെല്ലാം സെന്റ് ജോസഫ്സ് ഹൈസ്കൂളിലേക്ക് എത്തണമെന്നും ഈ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കാൻ അഗ്നിശമന സേന WFCU സെന്ററിൽ പരിശോധന നടത്തുന്നുണ്ട്.



