നോവ സ്കോഷ്യ: നോവ സ്കോഷ്യയിൽ ഈ വർഷത്തെ കോവിഡ്-19, ഇൻഫ്ലുവൻസ വാക്സിനുകൾക്കായുള്ള അപ്പോയിൻ്റ്മെൻ്റുകൾ ഇപ്പോൾ ലഭ്യമാണ്. ആറുമാസവും അതിൽ കൂടുതലും പ്രായമുള്ളവർക്ക് വാക്സിൻ എടുക്കണമെന്ന് പൊതുജനാരോഗ്യം ശുപാർശ ചെയ്യുന്നു. കോവിഡ്-19, ഇൻഫ്ലുവൻസ എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സമൂഹത്തെയും സംരക്ഷിക്കാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള ഈ സീസൺ സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും, എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും നോവ സ്കോഷ്യയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. റോബർട്ട് സ്ട്രാങ് അറിയിച്ചു.
ദീർഘകാല രോഗങ്ങളുള്ളവർ ഉൾപ്പെടെയുള്ള മുതിർന്ന പൗരന്മാർക്കും കഠിനമായ രോഗം വരാൻ സാധ്യതയുള്ള മറ്റുള്ളവർക്കും വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഈ വ്യക്തികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും വാക്സിൻ എടുത്ത് അവരുടെ സംരക്ഷണം വർദ്ധിപ്പിക്കണം. പ്രവിശ്യയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം, YourHealthNS ആപ്പ് വഴിയോ, പ്രാഥമിക ആരോഗ്യ പരിരക്ഷാ ദാതാവിനെ ബന്ധപ്പെട്ടോ, അല്ലെങ്കിൽ 1-833-797-7772 എന്ന നമ്പറിൽ വിളിച്ചോ അപ്പോയിൻ്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാം. 65 വയസും അതിൽ കൂടുതലുമുള്ളവർക്ക് മുതിർന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട സംരക്ഷണം നൽകുന്ന മെച്ചപ്പെടുത്തിയ ഇൻഫ്ലുവൻസ വാക്സിൻ ലഭിക്കുന്നതാണ്.
വാക്സിനേഷനുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. കോവിഡ്-19 വന്നവർ, അല്ലെങ്കിൽ കോവിഡ്-19 വാക്സിൻ എടുത്തവർ പുതിയ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും കാത്തിരിക്കണം. കൂടാതെ, ഒരു അപ്പോയിൻ്റ്മെൻ്റിൽ ആറ് പേർക്ക് വരെ ഒരുമിച്ച് ഒരു കുടുംബത്തിന് വേണ്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വാക്സിൻ സ്വീകരിച്ച് സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Virus season is ahead; Vaccination begins in Nova Scotia; Here's how to schedule appointments



