ഇംഫാൽ: മാസങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായത്. 20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്.
പ്രാദേശിക നാഗാ സംഘടനകൾ തങ്ങളുടെ യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. സംഘർഷം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ്ങ് സമാധാനാഹ്വാനവുമായി രംഗത്തെത്തി. ജനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കരുതെന്നും എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു നാളുകളായി മണിപ്പൂരിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാനത്തിനാണ് ഈ പുതിയ സംഭവവികാസങ്ങളോടെ മങ്ങലേറ്റിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Violence in Manipur


