ബ്രിട്ടീഷ് കൊളംബിയയിലെ സറേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭരോവാൾ ഇമിഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ സൊല്യൂഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ രഘ്ബീർ സിംഗ് ഭരോവാളിന്റെ ഇമിഗ്രേഷൻ കൺസൾട്ടന്റ് ലൈസൻസ് ഗുരുതരമായ ക്രമക്കേടുകളെ തുടർന്ന് 2024-ൽ കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സ് (CICC) സ്ഥിരമായി റദ്ദാക്കിയിരുന്നു. ലൈസൻസ് റദ്ദാക്കിയിട്ടും രഘ്ബീർ സിംഗ് ഭരോവാൾ തന്റെ സ്ഥാപനം തുടർന്നും പ്രവർത്തിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്.ഇമിഗ്രേഷൻ കൺസൾട്ടേഷൻ ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് പോലും സ്ഥാപനങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന കനേഡിയൻ നിയമത്തിലെ ഒരു പഴുതാണ് ഈ തട്ടിപ്പ് തുടരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉപഭോക്താക്കളിൽ നിന്ന് 40,000 ഡോളർ വരെ ഈടാക്കിയെന്നും, നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, പാസ്പോർട്ടുകൾ തടഞ്ഞുവെച്ചെന്നും, പരാതി ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തിയെന്നുമടക്കം നിരവധി ആരോപണങ്ങളാണ് ഭരോവാളിനെതിരെ ഉയർന്നിട്ടുള്ളത്. ഇതേത്തുടർന്ന്, 68,875 ഡോളർ ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നത് ഉൾപ്പെടെ 1,10,000 ഡോളർ പിഴയും ചുമത്തിയിരുന്നു.
ലൈസൻസ് നഷ്ടപ്പെട്ടിട്ടും, ഭരോവാൾ ഓൺലൈനിൽ സേവനങ്ങൾ പരസ്യം ചെയ്യുകയും സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ കാണപ്പെടുകയും കമലൂപ്സിലേക്ക് സ്ഥാപനം വികസിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് കാനഡയിൽ ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന നിയമത്തിലെ ഒരു പഴുതാണ് ഇതിന് കാരണം. ഈ നിയന്ത്രണത്തിലെ വിടവ് ചൂഷണം ചെയ്യപ്പെടുകയാണെന്ന് വിമർശകർ പറയുന്നു.
അനുമതിയില്ലാതെ പ്രാക്ടീസ് ചെയ്യുന്നത് തുടരുകയാണെങ്കിൽ ഫെഡറൽ കോടതിയിൽ ഒരു നിരോധന ഉത്തരവ് ഫയൽ ചെയ്യാനും കോടതി നടപടികൾ സ്വീകരിക്കാനും CICC ഒരുങ്ങുകയാണ്. കൂടാതെ, ലൈസൻസ് ഇല്ലാത്ത വ്യക്തികൾ അത്തരം സ്ഥാപനങ്ങൾ സ്വന്തമാക്കുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കാനഡ സർക്കാർ പരിഗണിക്കുന്നതായും അറിയിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ തട്ടിപ്പിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. “കാനഡയിലേക്ക് വരാൻ തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ചെലവഴിച്ച ആളുകൾ വഞ്ചിക്കപ്പെടുകയാണ്,” എന്ന് MOSAIC ന്യൂകമർ സർവീസസിലെ ഹ്യൂഗോ വെലാസ്ക്വസ് പറഞ്ഞു.



