നോർത്ത് യോർക്കിലെ ഒരു ഷെൽട്ടറിൽ ആക്രമണത്തിനിരയായ ആളുകളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ 72കാരനെതിരെ പൊലീസ് കേസെടുത്തു. ജൂൺ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ബെവർലി ഹിൽസ് ഡ്രൈവിന് കിഴക്കുള്ള 1677 വിൽസൺ അവന്യൂവിൽ ആക്രമണം നടന്നതായി വിവരം ലഭിച്ച ടൊറന്റോ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ കുത്തേറ്റ നിലയിൽ 50 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരെയാണ് ഉദ്യോഗസ്ഥർ കണ്ടത്.
രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആ സമയത്ത് ഇരുവരുടെയും നിലഗുരുതരമായിരുന്നു. പിന്നീട് ഒരാൾ ചികിത്സയിലിരിക്കെ മരിച്ചു. ടൊറന്റോയിൽ നിന്നുള്ള റോജർ ബോർജസ് (53) ആണ് മരിച്ചത്. രണ്ടാമത്തെയാൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവസ്ഥലത്ത് വെച്ച് അറസ്റ്റിലായ ടൊറന്റോയിൽ നിന്നുള്ള 72 കാരനായ ജോസ് ഡയസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.



