ശനിയാഴ്ച രാത്രി നോവ സ്കോഷ്യ ഹൈവേയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വാഹനം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷ ഉദ്യോഗസ്ഥർ. ഹാന്റ്‌സ്‌പോർട്ടിനും ഫാൽമൗത്തിനും ഇടയിലുള്ള ഹൈവേ 101 ന്റെ കിഴക്കോട്ടുള്ള ലെയ്‌നിൽ രാത്രി 11:12 ഓടെ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരും അടിയന്തര സംഘവും പ്രതികരിച്ചതായി ആർസിഎംപി വാർത്താക്കുറിപ്പിൽ പറയുന്നു. ഫാൽമൗത്തിലെ എക്സിറ്റ് 7 ൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഒരു ഹോണ്ട സിവിക്കും ഒരു നിസ്സാൻ സെൻട്രയും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. നാലു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള 29 വയസ്സുള്ള ഒരു യാത്രക്കാരന്റെ നില ഇപ്പോഴും ഗുരുതരമാണ്.കിഴക്കോട്ടുള്ള പാതയിൽ ഗതാഗതത്തിന് എതിർദിശയിലാണ് സിവിക് സഞ്ചരിച്ചിരുന്നതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.നീല ഹോണ്ട സിവിക് രാത്രി 7:20 ന് മുമ്പ് എവിടെയായിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
ഡാഷ്‌ക്യാം ദൃശ്യങ്ങളോ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളോ ഉള്ളവർ 902-798-2207 എന്ന നമ്പറിൽ പോലീസിനെ വിളിക്കുകയോ, 1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ www.crimestoppers.ns.ca എന്ന വിലാസത്തിലോ അജ്ഞാതമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.



