കരിയറിൽ വിജയങ്ങൾ വെട്ടിപ്പിടിക്കുമ്പോഴും വ്യക്തിജീവിതത്തിൽ താൻ നേരിട്ട കടുത്ത മാനസിക സമ്മർദ്ദങ്ങളെയും ഒറ്റപ്പെടലിനെയും കുറിച്ച് വെളിപ്പെടുത്തി നടിയും അവതാരകയും ഇൻഫ്ലുവൻസറുമായ വർഷ രമേശ്. സോഷ്യൽ മീഡിയയിൽ എല്ലാവരും തങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ, ജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ടാണ് വർഷയുടെ വീഡിയോ എത്തിയത്. സ്വന്തമായി ഒരു ബിഎംഡബ്ല്യു കാർ വാങ്ങിയതും മലയാളത്തിലെ മുൻനിര ടെലിവിഷൻ ഷോയുടെ അവതാരകയായി മാറിയതുമെല്ലാം ഈ വർഷമായിരുന്നു. എന്നാൽ ഇതിനൊപ്പം തന്നെ തന്റെ പ്രണയബന്ധം തകർന്നുവെന്നും താൻ പൂർണ്ണമായും ഒറ്റയ്ക്കായെന്നും വർഷ കണ്ണീരോടെ പറയുന്നു.
കാനഡയിൽ ജോലി ചെയ്യുന്ന അക്ഷയുമായുള്ള വർഷയുടെ ബന്ധം തകർന്നത് വലിയ മാനസിക ആഘാതമാണ് താരത്തിന് നൽകിയത്. ഉത്കണ്ഠയ്ക്കും പാനിക് അറ്റാക്കിനുമായി മരുന്നുകൾ കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും വർഷ മനസ്സ് തുറന്നു. ഒരുവശത്ത് മികച്ച സമ്പാദ്യമുണ്ടായപ്പോൾ തന്നെ, മറ്റുള്ളവരുടെ ചതിയിൽപ്പെട്ട് വലിയ തുക നഷ്ടമായതും 2025-നെ വർഷയ്ക്ക് മറക്കാനാവാത്ത വർഷമാക്കി മാറ്റി. ആഗ്രഹിച്ച സാധനങ്ങൾ വാങ്ങാനും വിദേശയാത്രകൾ നടത്താനും കഴിഞ്ഞെങ്കിലും, യാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ വീട്ടിൽ തന്നെ കാത്തിരിക്കാൻ ആരുമില്ലാത്ത അവസ്ഥ തന്നെ തളർത്തിയെന്ന് വർഷ പറയുന്നു.
രാത്രികൾക്ക് വേണ്ടി താൻ കാത്തിരിക്കാറുണ്ടെന്നും രാവിലെ ഉണരുമ്പോൾ നെഗറ്റീവ് ചിന്തകൾ വേട്ടയാടാറുണ്ടെന്നും വർഷ വെളിപ്പെടുത്തി. മറ്റുള്ളവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ട് അവരുടെ ജീവിതം സുന്ദരമാണെന്ന് കരുതുന്നവർക്ക് ഒരു ‘റിയാലിറ്റി ചെക്ക്’ നൽകാനാണ് താൻ ഈ വീഡിയോ ചെയ്യുന്നതെന്ന് താരം വ്യക്തമാക്കി. ചായാൻ ഒരു തണലില്ലാത്തതുകൊണ്ട് ക്ഷീണമുണ്ടെങ്കിലും തനിക്ക് മുന്നോട്ട് ഓടിയേ പറ്റൂ എന്ന ഉറച്ച തീരുമാനത്തോടെയാണ് വർഷ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Varsha Ramesh Opens Up About Personal Struggles



